ഒരു ടിക്കറ്റിന് 21 കോടി രൂപ! സ്വന്തമാക്കിയത് സൗദിക്കാരന്‍... 'ഗോള്‍ഡന്‍ ടിക്കറ്റില്‍' കാണാം മെസ്സി, റൊണാള്‍ഡോ, നെയ്മർ

Ronaldo-Messi match Golden Ticket: ഏതാണ്ട് 10 മില്യൺ ദിർഹത്തിനാണ് സൗദിയിലെ ബിസിനസ്സുകാരനായ മുഷറഫ് അല്‍ ഗാമ്ദി ഗോൾഡൻ ടിക്കറ്റ് സ്വന്തമാക്കിയത്. ലേലത്തിന്റെ ലാഭം ചാരിറ്റിയ്ക്ക് വേണ്ടി ഉപയോഗിക്കും

Written by - Zee Malayalam News Desk | Last Updated : Jan 18, 2023, 03:01 PM IST
  • മെസ്സി, റൊണാൾഡോ, നെയ്മർ, എംബാപ്പെ എന്നിവരെ നേരിട്ട് സന്ദർശിക്കാം എന്നതാണ് ഗോൾഡൻ ടിക്കറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത
  • ഇരു ടീമുകളുടേയും ലോക്കർ റൂമുകളിലേക്കും ഈ ടിക്കറ്റ് കൈവശമുള്ള ആൾക്ക് പ്രവേശനമുണ്ടാകും
  • ലേലത്തുകയുടെ ലാഭം മുഴുവൻ സൌദിയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്കായിരിക്കും ഉപയോഗിക്കുക
ഒരു ടിക്കറ്റിന് 21 കോടി രൂപ! സ്വന്തമാക്കിയത് സൗദിക്കാരന്‍... 'ഗോള്‍ഡന്‍ ടിക്കറ്റില്‍' കാണാം മെസ്സി, റൊണാള്‍ഡോ, നെയ്മർ

റിയാദ്: ഗോട്ട് (GOAT- Greatest Of All Time) എന്ന് വിളിക്കപ്പെടാന്‍ അര്‍ഹതയുള്ളവരാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എല്ലാം. ഇവരെയെല്ലാം അവരുടെ ലോക്കര്‍ റൂമില്‍ പോയി കാണുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ സൗദിയിലെ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി (ജിഇഎ) ചെയര്‍മാന്‍ തുര്‍ക്കി അൽ ഷെയ്ഖ് മുന്നോട്ട് വച്ച ഒരു ഓഫര്‍ അങ്ങനെയുള്ളതായിരുന്നു. 'ഗോള്‍ഡന്‍ ടിക്കറ്റ്' സ്വന്തമാക്കുന്നവര്‍ക്കാണ് ഈ അപൂര്‍വ്വ അവസരം.

മെസ്സിയും നെയ്മറും എംബാപ്പെയും എല്ലാം കളിക്കുന്ന പിഎസ്ജിയും സൗദി പ്രോ ലീഗിലെ ടീമുകളായ അല്‍ നാസറിന്റേയും അല്‍ ഹിലാലിന്റേയും താരങ്ങളും തമ്മിലുള്ള മത്സരത്തിനാണ് ഈ ഗോള്‍ഡന്‍ ടിക്കറ്റ്. അല്‍ നാസറിന് വേണ്ടി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ബൂട്ടണിയും എന്ന് കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് രോമാഞ്ചം വരും- ഇപ്പോഴത്തെ സ്ഥിതിയില്‍ പ്രത്യേകിച്ചും പശ്ചിമേഷ്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക്. 

Read Also: റൊണാൾഡോയെക്കാൾ 100 മില്യൺ യൂറോ അധികം നൽകാം; മെസിക്ക് മുമ്പിൽ ഓഫർ വെച്ച് സൗദി ക്ലബ്

ഈ സൗഹൃദ മത്സരത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് തുര്‍ക്കി അല്‍ ഷെയ്ഖ് ഗോള്‍ഡന്‍ ടിക്കറ്റിന് വേണ്ടി ലേലം പ്രഖ്യാപിച്ചത്. 85,000 റിയാല്‍ (ഏതാണ്ട് പതിനെട്ടര ലക്ഷം രൂപ) ആയിരുന്നു അടിസ്ഥാന തുക. വെറും മൂന്ന് മണിക്കൂറിനുള്ളില്‍ 15 ലക്ഷം അപേക്ഷകരാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തത്. എന്തായിരിക്കാം ഇങ്ങനെ ഒരു 'തിരക്കിന്' കാരണം എന്ന് സംശയം തോന്നുന്നുണ്ടോ?

മെസ്സിയേയും റൊണാള്‍ഡോയേയും നെയ്മറേയും എംബാപ്പെയേയും നേരിട്ടുകാണാനുള്ള അവസരം എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. രണ്ട് ടീമുകളുടേയും ലോക്കര്‍ റൂമുകളിലേക്കുള്ള പ്രവേശനം ആണ് മറ്റൊന്ന്. ഉദ്ഘാടന ചടങ്ങില്‍ ജിഇഎ ചെയര്‍മാന്‍ തുര്‍ക്കി അല്‍ ഷെയ്ഖിന് തൊട്ടടുത്തിരിക്കാം എന്നത് അടുത്തത്. സമ്മാന ദാന ചടങ്ങില്‍ പങ്കെടുക്കാനും വിജയിച്ച ടീമിനൊപ്പം ഫോട്ടോ എടുക്കാനും ഉള്ള അവസരമാണ് മറ്റൊന്ന്. ടീമുകള്‍ക്കൊപ്പമുള്ള അതിഗംഭീര ഉച്ച ഭക്ഷണവും ഈ 'ഗോള്‍ഡൻ ടിക്കറ്റിന്റെ' പരിധിയില്‍ പെടും.

Read Also: മെസിയുടെ ശബ്ദവും അനുകരിച്ച് മഹേഷ്; അതും സ്പാനിഷിൽ; ചരിത്രമെന്ന് ആരാധകർ

9.3 മില്യണ്‍ സൗദി റിയാല്‍ വരെ ഗോള്‍ഡന്‍ ടിക്കറ്റിന്റെ ലേലത്തുക ഉയര്‍ന്നു എന്ന് തുര്‍ക്കി അല്‍ ഷെയ്ഖ് രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. സൗദി കേന്ദ്രമായുള്ള ടെക് കമ്പനിയായ അസോമിന്റെ സ്ഥാപകനും സിഇഒയും ആയ മുഹമ്മദ് അല്‍ മുനാജിം ആയിരുന്നു ഇത്രയും തുക മുടക്കി ടിക്കറ്റ് സ്വന്തമാക്കാന്‍ തയ്യാറായത്. ടിക്കറ്റ് തുക കൂടാതെ അനാഥര്‍ക്കും പിഎസ്ജി ടീമിനെ സ്വീകരിച്ചാനയിച്ചവര്‍ക്കും അസോമിന്റെ ഉത്പന്നങ്ങള്‍ സംഭാവന ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ചൊവ്വാഴ്ച ലേലത്തിന്റെ സമയം അവസാനിച്ചപ്പോള്‍ ടിക്കറ്റ് വിജയി ആരെന്നതില്‍ വ്യക്തത വന്നു. സൗദിയിലെ ബിസിനസ്സുകാരനായ മുഷറഫ് അല്‍ ഗാമ്ദി ആയിരുന്നു ആ ഭാഗ്യവാന്‍. ലേലത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം മുഴുവനും എഹ്‌സാന്‍ എന്ന ദേശീയ ചാരിറ്റി കാമ്പെയ്‌നിലേക്കാണ് പോവുക. 

ജനുവരി 19 ന് റിയാദിൽ വച്ചാണ് മത്സരം. അൽ നാസറുമായി കരാർ ഒപ്പിട്ടതിന് ശേഷം റൊണാൾഡോ ആദ്യമായി സൗദി അറേബ്യയിൽ കളിക്കുന്നു എന്ന പ്രത്യേകതയും ഈ സൗഹൃദ മത്സരത്തിനുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് തെറ്റിപ്പിരിഞ്ഞ റൊണാൾഡോയെ 200 മില്യൺ യൂറോയ്ക്കാണ് സൗദി പ്രോ ലീ​ഗ് ടീം ആയ അൽ നാസർ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ഇത്തവണ ലോകകപ്പിൽ ആദ്യ മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ച സൗദി ടീമിലെ കളിക്കാർ ഒട്ടുമിക്കവരും സൗദി പ്രോ ലീ​ഗിലെ താരങ്ങളായിരുന്നു. 

ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടാതെ ലയണൽ മെസ്സിയേയും സൗദി പ്രോ ലീ​ഗ് ടീമുകൾ ലക്ഷ്യമിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അൽ ഹിലാൽ, അൽ ഇത്തിഹാദ് എന്നീ ക്ലബ്ബുകൾ 350 മില്യൺ യൂറോ വരെ നൽകാൻ തയ്യാറാണെന്ന രീതിയിൽ വാർത്തകൾ പുറത്ത് വരുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News