കൊച്ചി: UAPA കേസില്‍ അറസ്റ്റിലായ താഹയുടെ ജാമ്യാപേക്ഷ കൊച്ചി NIA കോടതി തള്ളി. പ്രതിക്ക് ജാമ്യം നൽകുന്നതിനെ NIA ശക്തമായി എതിർത്തിരുന്നു.
നേരത്തേ അലന്‍ ഷുഹൈബിന് LLB പരീക്ഷ എഴുതാനുള്ള അനുമതി നല്‍കിയിരുന്നു. പരീക്ഷയെഴുതാന്‍ അനുമതി തേടി അലന്‍ ഹൈക്കോടതിയെ സമീപിച്ചതിനെതുടര്‍ന്നായിരുന്നു ഇത്.
കഴിഞ്ഞ നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനെയും താഹയേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ UAPA ചുമത്തിയത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖ ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
അതേസമയം, യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം ശരിവച്ച സിപിഎം ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടികളിലേയ്ക്കു കടന്നത്.
അതേസമയം, ഈ വിഷയത്തില്‍ തുടക്കം മുതല്‍ കര്‍ശന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെമേല്‍ UAPA ചുമത്തിയത് ആദ്ദേഹം ന്യായീകരിക്കുകയാണ് ഉണ്ടായത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പോലീസ് നടപടിയെ സാധൂകരിക്കുന്നതാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ നവംബർ 2നാണ് കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി അലന്‍ ഷുഹൈബ് (20), കണ്ണൂര്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസം വിദ്യാര്‍ഥി താഹ ഫൈസല്‍ (24) എന്നിവര്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായത്.