ലണ്ടൻ: യൂറോപ്യൻ-അമേരിക്കൻ ആരോഗ്യവിദഗ്ധർ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. ആഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കുരങ്ങുപനി ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ആശങ്ക പടർത്തുകയാണ്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നും കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാത്തവരിലും രോഗം ബാധിക്കുന്നത് ആശങ്കയുണർത്തുകയാണ്. കുരങ്ങുപനി കേസുകൾ വർധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ചേർന്ന അടിയന്തര യോഗത്തിൽ മുന്നറിയിപ്പ് നൽകി. ആളുകൾ കൂട്ടംകൂടുന്ന സാഹചര്യങ്ങൾ രോഗബാധ വർധിക്കുന്നതിന് കാരണമാകുമെന്ന് ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗെയെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും ആഫ്രിക്കൻ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രതിവർഷം 6,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കോംഗോയിലും പ്രതിവർഷം 3,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന നൈജീരിയയിലുമാണ് ഭൂരിഭാഗം കുരങ്ങുപനി കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. യുഎസിലും ബ്രിട്ടനിലും ഉൾപ്പെടെ ആഫ്രിക്കയ്ക്ക് പുറത്ത് ചില ഒറ്റപ്പെട്ട കുരങ്ങുപനി കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ സാധാരണയായി ആഫ്രിക്കയിലേക്കുള്ള യാത്രയുമായി ബന്ധമുള്ളവരോ അല്ലെങ്കിൽ രോഗം കൂടുതലുള്ള ഭാഗങ്ങളിൽ നിന്നുള്ള മൃഗങ്ങളുമായി സമ്പർക്കത്തിൽ വന്നവരോ ആയിരിക്കും. 2003-ൽ ആറ് യുഎസ് സംസ്ഥാനങ്ങളിലായി 47 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. ഘാനയിൽ നിന്ന് ഇറക്കുമതി ചെയ്ത മൃഗങ്ങൾക്ക് സമീപം പാർപ്പിച്ച വളർത്ത് നായ്ക്കളിൽ നിന്നാണ് ഇവർക്ക് വൈറസ് ബാധിച്ചത്.
ALSO READ: Monkey Pox Symptoms : എന്താണ് കുരങ്ങുപനി? ലക്ഷണങ്ങൾ എന്തൊക്കെ?
ആഫ്രിക്കയിലേക്ക് പോകാത്ത ആളുകൾക്കിടയിൽ ആദ്യമായി കുരങ്ങുപനി പടരുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. യൂറോപ്പിൽ, ബ്രിട്ടൻ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ എന്നിവിടങ്ങളിൽ അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെയും കുരങ്ങുപനി പടരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാൾക്ക് കുരങ്ങുപനി ബാധിച്ചതായി ബുധനാഴ്ച യുഎസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. മോൺട്രിയൽ മേഖലയിൽ 17 കേസുകൾ സംശയിക്കുന്നതായി ക്യൂബെക്കിലെ ആരോഗ്യ ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു. ലൈംഗികബന്ധത്തിലൂടെ കുരങ്ങുപനി പകരാമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. പക്ഷേ നിലവിൽ ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണങ്ങളില്ല.
എന്നാൽ രോഗബാധിതരായ ആളുകളുമായുള്ള അടുത്ത സമ്പർക്കം, അവരുടെ ശരീരസ്രവങ്ങൾ, വസ്ത്രങ്ങൾ എന്നിവയിലൂടെ രോഗം പകരാം. ലോകമെമ്പാടും കുരങ്ങുപനി പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ ആരോഗ്യ മന്ത്രാലയം വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകി. കുരങ്ങുപനി ബാധിത രാജ്യങ്ങളിലേക്കുള്ള യാത്രാ ചരിത്രമുള്ള ഏതെങ്കിലും രോഗിയായ യാത്രക്കാരനെ ഐസൊലേറ്റ് ചെയ്യാനും സാമ്പിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിഎസ്എല്ലിലേക്ക് അയക്കാനും കർശന ജാഗ്രത പാലിക്കാൻ എയർപോർട്ട്, പോർട്ട് ഹെൽത്ത് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. പനെയിലെ വൈറോളജി, എൻസിഡിസി, ഐസിഎംആർ എന്നിവരോട് ജാഗ്രത പുലർത്താനും ഇന്ത്യയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആരോഗ്യമന്ത്രി നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...