മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ മങ്കിപോക്സിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ന്യൂയോർക്ക്. ഈ പേര് വിവേചനപരമാണെന്നും ആളുകളെ രോഗത്തിന് ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഈ ആവശ്യം മുന്നോട്ട് വെച്ചത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ന്യൂയോർക്കിലാണ്. ഇതുവരെ ആകെ 1,092 പേർക്കാണ് ന്യൂയോർക്കിൽ മാത്രം മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇപ്പോൾ തന്നെ ദുർബലരായ വിഭാഗത്തിൽപ്പെട്ട ആളുകൾക്കിടയിൽ മങ്കിപോക്സിനെ കുറിച്ച് പ്രചരിക്കുന്ന വിവേചനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകളെ കുറിച്ച് അതിയായ ആശങ്കയുണ്ടെന്ന് ന്യൂയോർക്ക് സിറ്റി പബ്ലിക് ഹെൽത്ത് കമ്മീഷണർ അശ്വിൻ വാസൻ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസിന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ മങ്കിപോക്സ് ആദ്യമായി ഉത്ഭവിച്ചത് കുരങ്ങുകളിൽ നിന്നല്ലെന്നും അശ്വിൻ വാസം തന്റെ കത്തി ചൂണ്ടിക്കാട്ടുന്നു. എച്ച്‌ഐവി രോഗബാധ കണ്ടെത്തിയ സമയങ്ങളിൽ പ്രചരിച്ച തെറ്റായ വിവരങ്ങൾ മൂലമുണ്ടായ പ്രതികൂല ഫലങ്ങളും, കോവിഡിനെ മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ചൈന വൈറസ് എന്ന് വിളിച്ചത് മൂലം ഏഷ്യാക്കാർക്ക് അനുഭവിക്കേണ്ടി വന്ന വംശീയ അധിക്ഷേപത്തെ കുറിച്ചും അദ്ദേഹം തന്റെ കത്തിൽ പരാമർശിച്ചിട്ടുണ്ട്. മങ്കിപോക്സ് അല്ലെങ്കിൽ വാനരവസൂരി എന്ന പേര് വിവേചന പരമാണെന്നും, ഇത് ചില ആളുകളെയെങ്കിലും ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: Monkeypox Update: ഡല്‍ഹിയില്‍ മങ്കിപോക്സ് കേസ് വീണ്ടും? ഒരാള്‍ കൂടി ആശുപത്രിയിൽ
എന്താണ് മങ്കിപോക്‌സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.
മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍
സാധാരണഗതിയില്‍ വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...