നിക്കി ഹാലെ യുഎന്‍ പദവി രാജിവെച്ചു

യുഎസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണു നിക്കി ഹാലെ.  

Updated: Oct 10, 2018, 09:42 AM IST
നിക്കി ഹാലെ യുഎന്‍ പദവി രാജിവെച്ചു

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയിലെ അമേരിക്കന്‍ സ്ഥാനപതിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജിവച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജി സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച യുഎസ് സന്ദര്‍ശിച്ച നിക്കി ഹാലെ, രാജിയെക്കുറിച്ചു ട്രംപിനോടു ചര്‍ച്ച നടത്തിയിരുന്നു.

യുഎസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണു നിക്കി ഹാലെ. പഞ്ചാബില്‍നിന്നു യുഎസിലേക്കു കുടിയേറിയ സിഖ് ദമ്പതികളുടെ മകളാണ്. ഇക്കഴിഞ്ഞ ജൂണില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

ട്രംപ് ഭരണകൂടത്തിലെ ഏറ്റവും ഉന്നത സ്ഥാനത്തുള്ള ഇന്ത്യൻ വംശജയായിരുന്നു നിക്കി ഹേലി. പ്രധാനപ്പെട്ടൊരു തീരുമാനം ഉടന്‍ പുറത്തു വിടുമെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെയാണ് യുഎസ് അംബാസിഡര്‍ സ്ഥാനം രാജിവയ്ക്കുന്ന വിവരം നിക്കി ഹേലി പ്രഖ്യാപിച്ചത്. രാജിവയ്ക്കുന്നതിന് ദിവസങ്ങള്‍ മുന്‍പ് അവര്‍ വൈറ്റ് ഹൗസിലെത്തി ട്രംപിനെ കണ്ടിരുന്നു. 

2017 ജനുവരിയിലാണ് ഇന്ത്യന്‍ വംശജയായ നിക്കിയെ യു.എന്നിലെ യു.എസ് അംബാസഡറായി നാമനിര്‍ദേശം ചെയ്തത്. സൗത്ത് കരോലൈന ഗവര്‍ണറായിരുന്നു അവര്‍. 2014ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 

അന്താരാഷ്ട്രീയ രംഗത്ത് താരതമ്യേന പുതുമുഖമായിരുന്നു നിക്കി. സാധാരണ രീതിയില്‍ അത്തരമൊരാളെ യു.എന്‍ അംബാസഡറായി നിയമിക്കാന്‍ സാധ്യതയില്ല. രാജിയെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കവെ, 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും നിക്കി വ്യക്തമാക്കി. ട്വിറ്ററില്‍നിന്ന് അവരുടെ സ്ഥാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ നീക്കം ചെയ്തു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ നിക്കി ഹാലെയുടെ പക്വതയില്ലാത്ത തീരുമാനമാണതെന്ന് ട്രംപിന്‍റെ അനുയായി കുറ്റപ്പെടുത്തിയിരുന്നു. അതില്‍ നിക്കി നീരസം പ്രകടിപ്പിക്കുകയും ചെയ്തു. നേരത്തേ ട്രംപിന്‍റെ കടുത്ത വിമര്‍ശകയായിരുന്ന നിക്കി പിന്നീട് വക്താവായി മാറുന്നതാണ് കണ്ടത്.

എങ്കിലും ട്രംപിന്‍റെ വിദേശനയങ്ങളെ നിക്കി ഹേലി വിമര്‍ശിച്ചിതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ പിന്നാലെയാണ് തന്ത്രപ്രധാനസ്ഥാനത്ത് നിന്ന് അവര്‍ പുറത്ത് പോകുന്നത്. 2016-ല്‍ അധികാരത്തിലെത്തിയ ട്രംപ് പ്രതിരോധസെക്രട്ടറി, വിദേശകാര്യസെക്രട്ടറി, വൈറ്റ് ഹൗസ് സെക്രട്ടറി, തുടങ്ങിയ തന്ത്രപ്രധാന പദവികളിലുള്ള പലരേയും ഇതിനോടകം പലവട്ടം മാറ്റിക്കഴിഞ്ഞു.