നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ അയോധ്യ പ്രസ്താവനയില്‍ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം.
രാഷ്ട്രീയ പ്രേരിതമായിരുന്നില്ല ഒലി(KP Sharma Oli)യുടെ പ്രസ്താവനയെന്നും മതവികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പരാമർശ൦ അയോധ്യ(Ayodhya)യുടെ പ്രാധാന്യത്തെയും അതിന്റെ സാംസ്കാരിക മൂല്യത്തെയും അപകീർത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല -പ്രസ്താവനയില്‍ പറയുന്നു.
എല്ലാ വർഷവും നടക്കുന്ന ബിബാഹ പഞ്ചമിയിൽ ഇരു രാജ്യങ്ങളും പങ്കെടുക്കാറുള്ളതായും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയിലെ അയോദ്ധ്യയിൽ നിന്ന് ജനക്പൂരി വരെ നടക്കുന്ന വിവാഹ ഘോഷയാത്രയാണ് ബിബാഹ പഞ്ചമി.
നേപ്പാളിലെ ബിര്‍ഗുഞ്ചിലാണ് യഥാര്‍ത്ഥ അയോധ്യയെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നുമായിരുന്നു ഒലിയുടെ പ്രസ്താവന. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കെയായിരുന്നു ഒലിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. w
കാഠ്മണ്ഡുവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നേപ്പാള്‍ കവി ഭാനുഭക്തയുടെ പിറന്നാള്‍ ആഘോഷത്തില്‍ സംസാരിക്കവെയായിരുന്നു ഒലിയുടെ പ്രസ്താവന. നേപ്പാൾ സാംസ്കാരിക കയ്യേറ്റത്തിന്റെ ഇരയായിത്തീർന്നിട്ടുണ്ടെന്നും അതിന്റെ ചരിത്രത്തില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും ഒലി പറഞ്ഞു.
ഒലിയുടെ പരാമർശത്തെ അപലപിച്ച ബിജെപി ദേശീയ വക്താവ് ബിസെ സോങ്കർ ശാസ്ത്രി രംഗത്തെത്തിയിരുന്നു. ''ശ്രീരാമന്‍ വിശ്വാസമാണെന്നും അത് വച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ല. നിങ്ങള്‍ നേപ്പാളിന്റെ പ്രധാനമന്ത്രിയായി മാത്രമിരിക്കൂ'' -അദ്ദേഹം പറഞ്ഞു.