വാഷിങ്ടൺ ഡിസി : റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് റഷ്യൻ എണ്ണയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം രാജ്യത്തെ ഇന്ധന വില വർധിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് വൈറ്റ് ഹൗസിനെ അഭിസംബോധന ചെയ്തു കൊണ്ട് അറിയിച്ചു. സഖ്യകക്ഷികളുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും ബൈഡൻ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും കൂടുതൽ ഉപരോധം നേരിടുന്ന രാജ്യമായി റഷ്യ മാറി. യുക്രൈനിലെ യുദ്ധത്തെ തുടർന്ന് ഇറാനെ മറികടന്നാണ് റഷ്യ ഒന്നാമതെത്തിയത്.
യുക്രൈനു മേൽ സൈനിക നടപടി റഷ്യ സ്വീകരിക്കുന്നതിന് മുമ്പ് ക്രംലിന് മേലുണ്ടായിരുന്ന 2754 ഉപരോധങ്ങളായിരുന്നു. അതിന് ശേഷം റഷ്യക്ക് മേൽ ലോകരാജ്യങ്ങൾ ചുമത്തിയിരിക്കുന്നത് 2754 പുതിയ ഉപരോധങ്ങളാണ്.
ആകെ 5532 ഉപരോധങ്ങളാണ് റഷ്യ നിലവിൽ നേരിടുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇറാനു മേൽ നിലവിൽ 3616 ഉപരോധങ്ങളാണ് ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ലോകരാജ്യങ്ങളിൽ സ്വിറ്റ്സർലൻഡാണ് റഷ്യയ്ക്ക് മേൽ ഏറ്റവും കൂടുതൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. പിന്നാലെ യൂറോപ്യൻ യൂണിയനും കാനഡയുമാണ്. 243 ഉപരോധങ്ങളുമായി അമേരിക്ക പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.