തിരുവനന്തപുരം: പാറശ്ശാലയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. പാറശ്ശാല പുലിയൂർക്കുളങ്ങര ബാലഗണപതി ക്ഷേത്രത്തിലും കുഴിഞ്ഞാൻവിള യക്ഷി അമ്മൻ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ബാലഗണപതി ക്ഷേത്രത്തിൽ നിന്നും അഞ്ച് നിലവിളക്കുകളും കാണിക്കവഞ്ചിയിൽ നിന്നുള്ള പണവും കവർന്നു.
കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത് അതിലുണ്ടായിരുന്ന പണം കവർന്നതിന് പുറമെ ക്ഷേത്ര മടപ്പള്ളിയിൽ സൂക്ഷിരുന്ന 1500 രൂപയും മോഷ്ടിച്ചു. ഒരു വർഷത്തിന് മുമ്പും സമാന രീതിയിൽ ഇവിടെ മോഷണം നടന്നിരുന്നു. പൊഴിയൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പാറശ്ശാല യക്ഷി അമ്മൻകോവിലിലെ കാണിക്കാ വഞ്ചിയുടെ പൂട്ട് തകർത്ത് മോഷണം നടത്തിയശേഷം സമീപത്തെ വീടിന്റെ പിൻവാതിൽ തകർക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. പാറശ്ശാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ആലുവ അദ്വൈതാശ്രമത്തിൽ മോഷണം; പ്രതി പിടിയിൽ
കൊച്ചി: ആലുവ അദ്വൈതാശ്രമത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോലഞ്ചേരി ചക്കുങ്ങൽ വീട്ടിൽ അജയകുമാർ (42) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം കേസിലെ പ്രതിയാണ്.
കഴിഞ്ഞ 11 ന് ജയിൽ മോചിതനായ ഇയാൾ 15 ന് രാവിലെ 7 മണിയോടെയാണ് ആശ്രമത്തിലെത്തിയത്. തുടർന്ന് അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മോഷണം നടത്തി കടന്നു കളയുകയായിരുന്നു. മോഷണ മുതൽ ഇതര സംസ്ഥാനക്കാരായ ആക്രി പെറുക്കുന്ന തൊഴിലാളികൾക്ക് വിറ്റു.
മോഷണം നടത്തിക്കിട്ടുന്ന കാശു കൊണ്ട് ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കലാണ് പതിവ്. ഇയാളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , എസ്.ഐ.മാരായ എസ്.എസ് ശ്രീലാൽ . കെ. ആർ മുരളീധരൻ , എ.എസ്.ഐ പി.എസ്.സാൻവർ സി.പി. ഒമാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ, കെ എം മനോജ് തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...