തിരുവനന്തപുരം: കാട്ടാക്കടയിൽ കാറിൽ വ്യാപാരിയെ വിലങ്ങിട്ട് പൂട്ടി തട്ടിക്കൊണ്ടുപോകാൻ ശ്രമം. വ്യാപാരി മുജീബിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. പോലീസുകാരനടക്കം രണ്ട് പേരെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. പോലീസുകാരൻ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് അറസ്റ്റിലായത്. നിലവിൽ സാമ്പത്തിക തട്ടിപ്പിൽ വിനീത് സസ്പെൻഷനിലാണ്.
പോലീസ് വേഷത്തിലെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകൽ ശ്രമം. തട്ടിക്കൊണ്ടു പോകാൻ മറ്റൊരു പോലീസുകാരന്റെ കാറാണ് ഉപയോഗിച്ചത്. ഈ വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ടൈൽസ് കട നടത്തി നഷ്ടത്തിലായിരുന്നു നെടുമങ്ങാട് സ്വദേശിയായ വിനീത്. മുജീബ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിനീതിലേക്ക് അന്വേഷണമെത്തിയത്. വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. മുജീബിൽ നിന്ന് പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ശ്രമം.
Also Read: Crime News: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; മുഖ്യ സൂത്രധാരൻ പിടിയിൽ
വാഹന പരിശോധനക്കെന്ന പേരിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി പ്രതികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാർ കൈ കാണിച്ചു നിർത്തിയത്. മുജീബ് കാർ നിർത്തിയതോടെ അക്രമികൾ കാറിൽ കയറി ഇയാളുടെ കയ്യിൽ വിലങ്ങിട്ട് ബന്ധിക്കുകയായിരുന്നു. പിന്നീട് പോലീസ് സംഘം സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിച്ചത്.
അതേസമയം തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹ ദിനത്തിൽ പിതാവിനെ വീട്ടിൽ കയറി അടിച്ചുകൊന്നു. വടശ്ശേരിക്കോണം സ്വദേശി രാജു (63) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസികളായ നാല് പേർ പിടിയിലായി. മൺവെട്ടി ഉപയോഗിച്ച് അടിച്ചാണ് രാജുവിനെ കൊലപ്പെടുത്തിയത്. രാത്രി 1 മണിയോടെ വീട്ടിലെത്തിയ അക്രമികൾ ആക്രമിക്കുകയായിരുന്നു. ജിഷ്ണുവിൻറെ വിവാഹ ആലോചന ശ്രീലക്ഷ്മിയുടെ വീട്ടുകാർ നിരസിച്ചതാണ് വിരോധത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
ജിഷ്ണു, ഇയാളുടെ സഹോദരൻ ജിജിൻ, ശ്യാം, മനു എന്നിവരാണ് പിടിയിലായത്. ജിഷ്ണുവിന്റെ സഹോദരനാണ് രാജുവിനെ മൺവെട്ടി കൊണ്ട് അടിച്ചു വീഴ്ത്തിയത്. രാജു നിലത്തുവീണ ശേഷവും പ്രതികൾ ക്രൂരമായി മർദ്ദിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടക്കാനിരിക്കെയാണ് അക്രമ സംഭവം അരങ്ങേറിയത്.
ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെട്ടത്. ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു രാജു. വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഒരു മണിയോടുകൂടി പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘം വിവാഹ വീട്ടിൽ എത്തി ബഹളം വയ്ക്കുകയായിരുന്നു.
വിവാഹ തലേന്നത്തെ ആഘോഷങ്ങൾ തീർന്നതിന് പിന്നാലെയാണ് സംഘം എത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വച്ച് ബഹളം ഉണ്ടാക്കി. പിന്നീട് ഇവർ വീട്ടിലേക്കെത്തി. വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മിൽ മുൻപ് സുഹൃത്തുക്കളായിരുന്നു. എന്നാൽ, ഈ സൗഹൃദം പെൺകുട്ടി അവസാനിപ്പിച്ചിരുന്നു.
ജിഷ്ണുവും സഹോദരനും വീട്ടിലെത്തി ബഹളം വച്ചതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞു. വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് വാക്കേറ്റം ഉണ്ടായി. വാക്കേറ്റത്തിനിടെ ജിഷ്ണുവിന്റെ സഹോദരൻ ജിജിൻ മണ്‍വെട്ടി കൊണ്ട് രാജുവിനെ അടിക്കുകയായിരുന്നു. താഴെ വീണ രാജുവിനെ വീണ്ടും പ്രതികൾ മർദ്ദിച്ചു. മൺവെട്ടി കൊണ്ട് വെട്ടുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തു.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...