Varkala Theft: വീട്ടുജോലിക്ക് വരും, ലഹരി നൽകി മോഷണം; നേപ്പാൾ കവർച്ചാ സംഘത്തിന്റേത് വൻ ആസൂത്രണം

Nepal robbery gang: നേപ്പാൾ സ്വദേശികളായ വീട്ടുജോലിക്കാരിയും നാലംഗ സംഘവുമാണ് കവർച്ച നടത്തിയത്. സംഭവത്തിൽ നേപ്പാൾ സ്വദേശികളായ  ജനാർദന ഉപാധ്യായ (42), രാംകുമാർ (42) എന്നിവർ അറസ്റ്റിലായി.

Written by - Zee Malayalam News Desk | Last Updated : Jan 25, 2024, 01:11 PM IST
  • വീട്ടുകാരെല്ലാം ഉറക്കമായെന്ന് ഉറപ്പാക്കിയശേഷം സോഖില നാലംഗ സംഘത്തെ വീട്ടിലേക്കു വിളിച്ചു വരുത്തി
  • ഒരു ബാഗിൽ സ്വർണവും പണവും നിറച്ച് രക്ഷപ്പെടാനായിരുന്നു സംഘം ലക്ഷ്യമിട്ടത്
Varkala Theft: വീട്ടുജോലിക്ക് വരും, ലഹരി നൽകി മോഷണം; നേപ്പാൾ കവർച്ചാ സംഘത്തിന്റേത് വൻ ആസൂത്രണം

തിരുവനന്തപുരം: വർക്കലയിൽ ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി വീട്ടമ്മയെയും മരുമകളെയും ഹോം നഴ്സിനെയും മയക്കിയശേഷം 35,000 രൂപയും സ്വർണാഭരണങ്ങളും കവർന്നു. നേപ്പാൾ സ്വദേശികളായ വീട്ടുജോലിക്കാരിയും നാലംഗ സംഘവുമാണ് കവർച്ച നടത്തിയത്. സംഭവത്തിൽ നേപ്പാൾ സ്വദേശികളായ  ജനാർദന ഉപാധ്യായ (42), രാംകുമാർ (42) എന്നിവർ അറസ്റ്റിലായി.

വീട്ടുജോലിക്കാരി സോഖില ഉൾപ്പെടെ മൂന്നു പേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വീട്ടുജോലിക്കാരി ലഹരിമരുന്ന് നൽകി വീട്ടുകാരെ അവശരാക്കിയശേഷം നേപ്പാൾ സ്വദേശികളെ വിളിച്ചു വരുത്തിയാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇലകമൺ ഹരിഹരപുരം ലൈം വില്ലയിൽ ശ്രീദേവിയമ്മ(74), മരുമകൾ കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ്എസ്  പ്രിൻസിപ്പൽ ദീപ (45), ശ്രീദേവിയമ്മയെ പരിചരിക്കുന്ന ഹോം നഴ്സ് വെഞ്ഞാറമൂട് സ്വദേശിനി സിന്ധു (40) എന്നിവരെയാണ് ലഹരി മരുന്ന് ഭക്ഷണത്തിൽ കലർത്തി നൽകി മയക്കിയത്.

ALSO READ: ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; രണ്ട് പേർ പിടിയിൽ

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂവരും അപകടനില തരണം ചെയ്തു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.  രാത്രി കഴിച്ച ചപ്പാത്തിയിലും കറിയിലും ലഹരിമരുന്ന് കലർത്തി നൽകിയെന്നാണ് സംശയിക്കുന്നത്.

വീട്ടുകാരെല്ലാം ഉറക്കമായെന്ന് ഉറപ്പാക്കിയശേഷം സോഖില നാലംഗ സംഘത്തെ വീട്ടിലേക്കു വിളിച്ചു വരുത്തി. ഒരു ബാഗിൽ സ്വർണവും പണവും നിറച്ച് രക്ഷപ്പെടാനായിരുന്നു സംഘം ലക്ഷ്യമിട്ടത്. ഇതിനിടെ, ശ്രീദേവിയമ്മയുടെ  ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മകൻ രാജീവ്, വീട്ടിലേക്കു ഫോൺ ചെയ്തെങ്കിലും ഭാര്യ ദീപ ഉൾപ്പെടെ ആരും ഫോൺ എടുത്തില്ല.

തുടർന്ന് ഏതാനും മീറ്റർ അകലെ താമസിക്കുന്ന ഇവരുടെ ബന്ധുവിനെ വിളിച്ചു. ഇവരും ദീപയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ബന്ധുക്കൾ ശ്രീദേവിയമ്മയുടെ വീട്ടിലെത്തിയപ്പോൾ മുൻ ഗേറ്റും വീടിന്റെ വാതിലും തുറന്ന നിലയിലായിരുന്നു.

ALSO READ: വിഴിഞ്ഞത്ത് ഡീസൽ മോഷണ സംഘം പിടിയിൽ; നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു

വീട്ടിനുള്ളിലും പരിസരത്തും ആരോ ഓടുന്നതായി മനസ്സിലാക്കി സമീപവാസികളെ വിളിച്ചുകൂട്ടി. പരിസരവാസികൾ വീടിനുള്ളിൽ കയറി നോക്കിയപ്പോൾ ശ്രീദേവിയമ്മ, ദീപ, സിന്ധു എന്നിവർ അബോധാവസ്ഥയിലായിരുന്നു.

കൂടുതൽ പേർ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ സമയം ജനാർദ്ദന ഉപാധ്യായ വീടിന്റെ പിന്നിലെ മതിൽ ചാടുന്നതായി ശ്രദ്ധയിൽപ്പെട്ടു. നാട്ടുകാർ ഇയാളെ പിന്തുടർന്ന് ഓടി. ഉയരമുള്ള മതിലിൽ നിന്ന് ചാടുന്നതിനിടെ കമ്പിയിൽ കാൽ കുരുങ്ങി ഇയാളുടെ കാലൊടിഞ്ഞു. അയിരൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച പണവും സ്വർണവും അടങ്ങിയ ബാഗ് പരിസരത്ത് നിന്ന് കണ്ടെടുത്തു.

സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രാംകുമാറിനെ പുലർച്ചെയോടെ പരിസരത്ത് നിന്ന് തന്നെ നാട്ടുകാർ പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് ദീപയുടെ ആരോഗ്യനില സാധാരണ നിലയിലായത്. എത്ര സ്വർണം നഷ്ടപ്പെട്ടെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടില്ല. ഭക്ഷണത്തിൽ ഏത് ലഹരി മരുന്നാണ് കലർത്തിയതെന്ന് വ്യക്തമല്ലെന്നും ഇവർ കഴിച്ച ഭക്ഷണം പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News