പാലക്കാട്: ക്ഷേത്രത്തിൽ നിന്ന് വിളക്കുകൾ മോഷ്ടിച്ച അച്ഛനും മകനും പിടിയിൽ. മണ്ണാര്‍ക്കാട് പത്തുകുടി ശിവക്ഷേത്രത്തില്‍ നിന്നാണ് തമിഴ്നാട് സ്വദേശികളായ അരിയല്ലൂര്‍ പെരിയവളയം സൗത്ത് സ്ട്രീറ്റില്‍ വിശ്വനാഥന്‍ (58), കണ്ണന്‍ (39) എന്നിവർ വിളക്കുകൾ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. തൂക്ക് വിളക്ക് ഉൾപ്പെടെ എട്ട് വിളക്കുകളാണ് ക്ഷേത്രത്തിൽ നിന്ന് കാണാതായത്. മോഷ്ടിച്ച വിളക്കുകൾ വിശ്വനാഥനും കണ്ണനും ചേർന്ന് നെല്ലിപ്പുഴയിൽ വൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. നെല്ലിപ്പുഴയിൽ നിന്ന് എസ്ഐ സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
മോഷ്ടിക്കുന്ന വസ്തുക്കൾ അടുത്തുള്ള സ്ഥലത്ത് തന്നെ വിറ്റ് മടങ്ങുന്നതാണ് ഇവരുടെ ശീലമെന്ന് പോലീസ് പറയുന്നു. തമിഴ്നാട് അരിയല്ലൂര്‍ സ്വദേശികളായ അച്ഛനും മകനും ക്ഷേത്രത്തിലെ വസ്തുക്കളാണ് പ്രധാനമായും കവർച്ച ചെയ്യുന്നത്. തമിഴ്നാട്ടിലും കേരളത്തിലും ഇവർ സമാന രീതിയിൽ കവർച്ച നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മണ്ണാർക്കാട് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പന്തളത്ത് ലോഡ്ജിൽ നിന്ന് എംഡിഎംഎ കണ്ടെടുത്ത സംഭവത്തിന്റെ അന്വേഷണം ബെംഗളൂരുവിലേക്ക്
പന്തളത്ത് ലോഡ്ജിൽ നിന്നും ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചു. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായാണ് പന്തളം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിൽ എത്തിയത്. പന്തളത്തെ ലോഡ്ജിൽ നിന്നും മാരക മയക്ക് മരുന്നായ എംഡിഎംഎ യുമായി യുവതി അടക്കം അഞ്ചംഗ സംഘത്തെ പിടികൂടിയ ദിവസം തന്നെ, ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് മയക്കുമരുന്നിന്റെ ഉറവിടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിരുന്നു.
കോടതിയിൽ നിന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ പന്തളം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഈ മാസം ഏഴിന് പ്രതികളുമായി ബെംഗളൂരുവിലേക്ക് തിരിച്ചു. പ്രതികൾക്ക് മയക്ക് മരുന്ന് ലഭിച്ച ഉറവിടം ഉൾപ്പടെയുള്ള കാര്യങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ യാത്ര. മൂന്ന് മാസത്തോളം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് ജൂലൈ മുപ്പതിന് പന്തളം മണികണ്ഠനാൽത്തറക്ക് സമീപത്തെ ലോഡ്ജിൽ നിന്നും 154 ഗ്രാം എംഡിഎംഎയുമായി അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടിയത്. തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...