പത്തനംതിട്ട: ഇത്തവണത്തെ മണ്ഡലകാല മഹോത്സവത്തിന്റെ ആദ്യ നാല് ദിവസത്തിനുള്ളില്‍ അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത് രണ്ട് ലക്ഷത്തിലധികം ഭക്തര്‍. ഇനിയുള്ള ദിവസങ്ങളില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കണക്ക് കൂട്ടുന്നത്. വാരാന്ത്യ ദിവസമായ നാളെ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ഒരു ലക്ഷത്തോളം പേര്‍ വീതമെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നട തുറന്ന നവംബർ 16 ന് 26,378 പേരാണ് ബുക്ക് ചെയ്തശേഷം ദര്‍ശനത്തിന് എത്തിയത്. സ്‌പോട്ട് ബുക്കിംഗിലൂടെ എത്തിയവരുടെ എണ്ണംകൂടി പരിഗണിച്ചാല്‍ ഇത് 30,000 കവിയും. 50,000ല്‍ അധികം ഭക്തരാണ് 17, 18 തീയതികളില്‍ വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തശേഷം അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. 19 ന് 72,000 ഓളം ബുക്കിംഗ് ആണ് ഉണ്ടായിരുന്നത്. ഇതില്‍ 50,000 ത്തോളം പേരും ഉച്ചയ്ക്ക് മുമ്പ് തന്നെ സന്നിധാനത്തെത്തിയിരുന്നു.
ALSO READ : ശബരിമലയിലെ സൗകര്യങ്ങളിൽ അപര്യാപ്തത ഉണ്ടോ? എങ്കിൽ ദേവസ്വം വകുപ്പിനെ നേരിട്ട് ഇ-മെയിൽ വഴി അറിയിക്കാം
സമാധാനപരമായ അന്തരീക്ഷത്തില്‍, പരാതികള്‍ക്കിടയില്ലാത്ത മണ്ഡലകാലമായതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ ഇവിടേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ദര്‍ശന സമയക്രമം നീട്ടിയത് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിട്ടുണ്ട്. രാവിലെ അഞ്ചിന് എന്നത് പുലര്‍ച്ചെ മൂന്ന് മുതലാക്കി മാറ്റിയതോടെ അയ്യപ്പ ദര്‍ശനത്തിന് കൂടുതല്‍ സമയം ലഭിച്ചു. ഇത് ഭക്തരുടെ കാത്തുനില്‍പ്പിനുള്ള സമയക്രമത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഇക്കാരണം കൊണ്ടുതന്നെ സന്നിധാനത്തേക്ക് എത്തുന്ന ഭക്തരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അയ്യപ്പഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഒരുക്കിയിട്ടുള്ളത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഭക്തരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിന് മാത്രമായി പ്രത്യേക മെയില്‍ ഐഡി ആരംഭിച്ചിട്ടുണ്ട്. ഇതില്‍ വരുന്ന പരാതികളും നിര്‍ദ്ദേശങ്ങളും അതത് ദിവസം മന്ത്രിതന്നെ നേരിട്ട് അവലോകനം ചെയ്ത് അപര്യാപതതകള്‍ പരിഹരിക്കുന്നുണ്ട്.
പമ്പ മുതല്‍ സന്നിധാനം വരെ സേവനം നല്‍കുന്ന വിവിധ വകുപ്പുകള്‍ തമ്മിലുള്ള കോ-ഓര്‍ഡിനേഷനും മികവ് പ്രകടിപ്പിക്കുന്നുണ്ട്. ഇവരുടെ യോഗം രണ്ട് ദിവസത്തിലൊരിക്കല്‍ എന്ന നിലയില്‍ നടന്നുവരുന്നു. സ്വന്തം വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം മറ്റ് വകുപ്പുകളുടെ പ്രവര്‍ത്തനവും മികവാര്‍ന്നതാക്കാനുള്ള സഹായ മനസ്ഥിതിയോടെ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രവര്‍ത്തിക്കുന്നത് ഭക്തരുടെ ആയാസങ്ങള്‍ പെട്ടെന്ന് ലഘൂകരിക്കാന്‍ സഹായകമാവുന്നുണ്ട്.
മല കയറുന്നവര്‍ക്ക് സൗജന്യ ഔഷധകുടിവെള്ളം വിതരണം പാതകളിലുടനീളം ഉറപ്പാക്കുന്നു. ശരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വേണ്ട മെഡിക്കല്‍ സഹായവും കൃത്യമായി ഉറപ്പാക്കിയിട്ടുണ്ട്. അലോപതി, ആയുര്‍വേദം, ഹോമിയോ ചികത്സകള്‍ ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങളിലേക്കായി ഉപയോഗിക്കുന്നതിന് ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.
ശബരിമലയെ വൃത്തിയോടെ കാത്തുസൂക്ഷിക്കാനാവുന്നു എന്നതും അയ്യപ്പഭക്തരുടെ പ്രശംസയ്ക്ക് പാത്രമായിക്കഴിഞ്ഞു. പുണ്യം പൂങ്കാവനം പദ്ധതി പ്രകാരമുള്ള ശുചീകരണത്തോടൊപ്പം ദേവസ്വം വകുപ്പ് ഇത്തവണ അവതരിപ്പിച്ച 'പവിത്രം ശബരിമല' പദ്ധതിയും നടന്നുവരുന്നു. വിശുദ്ധിസേനാംഗങ്ങളും സജീവമായതോടെ സന്നിധാനം എല്ലാ ദിവസവും വൃത്തിയാക്കാന്‍ കഴിയുന്നുണ്ട്. മൂന്ന് ദിവസത്തിലൊരിക്കല്‍ എന്ന നിലയില്‍ അഗ്‌നിരക്ഷാ വിഭാഗം ഹോസ് ഉപയോഗിച്ച് സന്നിധാനം കഴുകി വൃത്തിയാക്കുന്നുമുണ്ട്.
കൂടാതെ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കുന്നുണ്ട്. ദേവസ്വം വക അന്നദാന ശാലകളിലൂടെ ഒരു ദിവസം 30,000 പേര്‍ക്ക് വരെ സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്നു. ആര്‍ഒ പ്ലാന്റുകളില്‍നിന്നുള്ള കുടിവെള്ള വിതരണത്തിനായി 179 ടാപ്പുകളാണ് സന്നിധാനത്തുള്ളത്. കൂടാതെ പമ്പയില്‍നിന്നുതന്നെ 200 രൂപ ഡെപോസിറ്റ് ഈടാക്കി സ്റ്റീല്‍ ബോട്ടിലുകളില്‍ ഔഷധവെള്ളവും നല്‍കുന്നുണ്ട്. ചുക്ക്, പതിമുഖം, രാമച്ചം തുടങ്ങിയവ ചേര്‍ത്താണ് ഔഷധജലം തയാറാക്കുന്നത്. കാനന പാതകളിലൂടെയുള്ള യാത്രയ്ക്കിടെ ഈ ബോട്ടിലുകളില്‍ ജലം നിറയ്ക്കുന്നതിന് 15 കേന്ദ്രങ്ങളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ തിരികെ പമ്പയില്‍ എത്തി ബോട്ടില്‍ മടക്കി നല്‍കുമ്പോള്‍ ഡെപോസിറ്റ് തുകയും അവര്‍ക്ക് കൈമാറുന്നു.
ഭക്തര്‍ക്ക് ഉറങ്ങുന്നതിനായി 550 മുറികളാണ് സന്നിധാനത്ത് ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ 104 എണ്ണത്തിന് ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യാം. കൂടാതെ ഒരേസമയം 17,000 പേര്‍ക്ക് വിരി വയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാണ്ടിത്താവളം മാഗുണ്ട, വലിയ നടപ്പന്തല്‍ താഴെയും മുകളിലും, മാളികപ്പുറത്ത് റൂഫ് ടോപ്പുള്ള പ്രദേശം, മരാമത്ത് ഓഫീസിന് മുന്നിലെ ഇന്റര്‍ലോക്ക് പാകിയ മൂന്ന് യാര്‍ഡ്, അക്കൊമഡേഷന്‍ ഓഫീസിലെ മൂന്ന് ഇന്റര്‍ലോക്ക് കോബിള്‍ഡ് ഓപ്പണ്‍ യാര്‍ഡുകള്‍ എന്നിവടങ്ങളില്‍ വിരിവയ്ക്കാന്‍ സൗകര്യമുണ്ട്. സന്നിധാനത്തുമാത്രം 1005 ശുചിമുറികളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 885 എണ്ണവും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. 105 എണ്ണം പേ ആന്‍ഡ് യൂസ് മാതൃകയിലുള്ളതാണ്. എല്ലാ ബ്ലോക്കുകളിലും ഓരോ ശുചിമുറി വീതം ശിശു, ഭിന്നശേഷി സൗഹൃദമായാണ് ഒരുക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...