കര്‍ണാടക രാഷ്ട്രീയം ട്രോളില്‍ പിഴിഞ്ഞെടുത്താല്‍ ഇത്രത്തോളം വരും; നിങ്ങളെ പൊട്ടിച്ചിരിപ്പിക്കാന്‍ ഇത് മതി

രാഷ്ട്രീയത്തില്‍ അല്‍പം ചിന്തയും ഹാസ്യവും കൂട്ടിക്കലര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ് ചളിയന്‍മാര്‍ അഥവാ ട്രോളന്‍മാര്‍. 

Last Updated : May 18, 2018, 05:55 PM IST
കര്‍ണാടക രാഷ്ട്രീയം ട്രോളില്‍ പിഴിഞ്ഞെടുത്താല്‍ ഇത്രത്തോളം വരും; നിങ്ങളെ പൊട്ടിച്ചിരിപ്പിക്കാന്‍ ഇത് മതി

നാളെ കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന്‍റെ ആശങ്കയില്‍ സമ്മര്‍ദ്ദത്തിലാണ് രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍. അതിനിടയില്‍ രാഷ്ട്രീയത്തില്‍ അല്‍പം ചിന്തയും ഹാസ്യവും കൂട്ടിക്കലര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ് ചളിയന്‍മാര്‍ അഥവാ ട്രോളന്‍മാര്‍. 

മീമുകളുടെ പതിവ് രീതിയില്‍ തന്നെയാണ് ഇത്തവണയും ട്രോളുകള്‍ നിറയുന്നത്. ചിരപരിചിതമായ സിനിമ സംഭാഷണങ്ങളും രംഗങ്ങളും കര്‍ണാടക രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ പുതുരൂപം സ്വീകരിക്കുന്നു. 

അഴകിയ രാവണിലെ ശ്രീനിവാസന്‍റെ കഥാപാത്രം പുതുതായി നാട്ടിലെത്തിയ പുത്തന്‍ പണക്കാരന്‍ മമ്മൂട്ടിയുടെ വീട്ടിലേക്ക് ചെല്ലുന്ന രംഗം കടമെടുത്ത് തയ്യാറാക്കിയ മീം ഇങ്ങനെ: 

*** നിങ്ങളുടെ പാർട്ടീലേക്ക് വരുന്ന എംഎല്‍എമാർക്കൊക്കെ നുറു കോടി വീതം കൊടുക്കുന്നുണ്ടെന്നു കേട്ടു. ഞാനും ഒരു എംഎല്‍എയാ! 
*** അതിന് താൻ കർണ്ണാടകത്തിലെയാണോ? കേരളത്തിലെ എംഎല്‍എ അല്ലേ...???
*** എന്നാ എനിക്ക് നൂറു കോടിവേണമെന്നില്ല അതിന്റെ പകുതിയായാലുംമതി...!!

പ്രേമം എന്ന ചിത്രത്തില്‍ മേരിയുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ഗേറ്റില്‍ വായനോക്കി നില്‍ക്കുന്ന പൂവാലന്‍മാരുടെ രംഗം ട്രോളന്‍മാരുടെ ഭാവനയില്‍ വിരിഞ്ഞപ്പോള്‍‍ മേരി കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരും പൂവാലന്‍മാര്‍ അമിത് ഷായും യെദ്യുരപ്പയും അടങ്ങുന്ന ബിജെപി നേതാക്കളുമായി. 

കോടികള്‍ വാരിയെറിഞ്ഞ് എംഎല്‍എമാരെ ഒപ്പിച്ചാലും ഇതിന്‍റെയൊക്കെ കണക്ക് എവിടെ കാണിക്കുമെന്ന് ആശങ്കപ്പെട്ടിരിക്കുന്ന അമിത് ഷായ്ക്ക് മുന്നില്‍ കിടിലന്‍ പരിഹാരവും ട്രോളന്‍മാര്‍ നിര്‍ദേശിക്കുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞാലുടന്‍ പഴയ പോലെ നോട്ടെല്ലാം നിരോധിക്കുക. അപ്പോള്‍ വാങ്ങിയ എംഎല്‍എമാര്‍ മണ്ടന്‍മാര്‍ ആവില്ലേ എന്നാണ് ചോദ്യം. ജയസൂര്യയുടെ ആട് എന്ന ചിത്രത്തിലെ രംഗം വച്ചാണ് ഈ മീം. 

കര്‍ണാടക മാതൃകയില്‍ കേരളത്തിലും ഏറ്റവും വലിയ 'ഒറ്റ' കക്ഷിയായ ഒ.രാജഗോപാല്‍ എംഎല്‍എയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചുകൂടെയെന്നും ട്രോളന്‍മാര്‍ ചോദിക്കുന്നു. രണ്ട് മാസം കൊണ്ട് 71 എംഎല്‍എമാരെ പുഷ്പം പോലെ വാങ്ങാമല്ലോ എന്നാണ് ആത്മഗതം. ഒരു സീറ്റുണ്ടായിട്ടും മുഖ്യമന്ത്രിക്കസേര വേണ്ടെന്ന് വച്ച രാജേട്ടന്റെ ആ നല്ല മനസ്സ് കാണാതെ പോകരുതെന്നും ട്രോളന്‍മാര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. 

കോണ്‍ഗ്രസ്/ജെഡിഎസ് എംഎല്‍എ ആയിരുന്നെങ്കില്‍ കോടികള്‍ കയ്യിലിരുന്നേനെയെന്ന് ഗദ്ഗദപ്പെടുന്ന ബിജെപി എംഎല്‍എമാരെയും മീമുകളില്‍ കാണാം. ഇത്രയും സമ്മര്‍ദ്ദത്തിനിടയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ കണ്ണ് ചിമ്മാതെ കാത്ത് സൂക്ഷിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അവസ്ഥ വരെ ട്രോളന്‍മാര്‍ പകര്‍ത്തി വച്ചിട്ടുണ്ട്. 

Trending News