'ബ്ലൂ വെയില്‍ ഗെയിം': ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

Last Updated : Aug 1, 2017, 07:13 PM IST
'ബ്ലൂ വെയില്‍ ഗെയിം': ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

ഇന്റര്‍നെറ്റില്‍ ഒരുപാട് തരത്തിലുള്ള വിനോദങ്ങളും,ഗെയിമുകളും ഉണ്ട്. അതില്‍ ക്യാന്‍ഡിക്രഷ് മുതല്‍ പോക്കിമോന്‍ ഗോ വരെ ആളുകളെ ഏറെ ആകര്‍ഷിച്ചവയാണ്. എന്നാല്‍ റഷ്യയില്‍ തരംഗമായ 'ബ്ലൂ വെയില്‍ ഗെയിം' നെക്കുറിച്ച് ആര്‍ക്കൊക്കെ അറിയാം?  കടലിലെ നീലത്തിമിംഗലത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം അതിനെ ഭയക്കേണ്ട ആവശ്യമില്ല. എന്നാല്‍ അതിനെ ആസ്പദമാക്കി റഷ്യയില്‍ ഇറക്കിയ ബ്ലൂ വെയില്‍ ഗെയിം നമ്മളെ ഭയപ്പെടുത്തും കാരണം അത് നമ്മുടെ ജീവന് തന്നെ അപകടമാണ്. 

ഈ ഗെയിമിനെക്കുറിച്ച് എല്ലാവര്‍ക്കും വാര്‍ത്തകളിലൂടെ പരിചിതമായികാണും.  നമ്മുടെ വളര്‍ന്നുവരുന്ന കുട്ടികള്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിമാറികൊണ്ടിരിക്കുന്ന ഈ കാലത്ത് ഇങ്ങനെയൊരു ഗെയിം ഭയാനകമാണ് എന്ന സത്യം നമ്മള്‍ അംഗീകരിച്ചേ പറ്റൂ.

"ബ്ലൂ വെയില്‍" ഒരു ആത്മഹത്യ കളിയാണ് എന്നുതന്നെ പറയാം. ഈ ഗെയിം അന്‍പത് ദിവസം നീണ്ടുനില്‍ക്കുന്നതാണ്.  ഓരോദിവസവും ഓരോ കൃത്യങ്ങളാണ്. ഗെയിമിന്‍റെ അവസാനം മത്സരാര്‍ത്ഥിയെ ജീവത്യാഗത്തിന് പ്രേരിപ്പിക്കുന്ന ഒരു കളിയാണിത്. കണക്കുകളനുസരിച്ച് റഷ്യയില്‍ മാത്രം ഒരു നൂറിലധികം ചെറുപ്പക്കാരാണ് ബ്ലൂ വെയ്ല്‍ ഗെയിമിന്‍റെ ഇരകളായി ജീവിതം അവസാനിപ്പിച്ചത്‍. ആവേശം നിറക്കുന്ന ഈ ഗെയിം കളിക്കാൻ ഫോൺ നമ്പറും ഇ-മെയിൽ വിലാസവും നല്‍കണം.

എന്താണ് ഈ ഗെയിമിന്‍റെ ലക്ഷ്യം എന്ന് ഇപ്പോഴും വ്യക്തമല്ല.  സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ രഹസ്യ ഗ്രൂപ്പായിട്ടാണ് ഈ ഗെയിം തുടങ്ങുന്നത്. ഓരോദിവസവും ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ ബ്ലൂ വെയില്‍സിന്‍റെ ഗ്രൂപ്പ്‌ അഡ്മിനിസ്ട്രേറ്റര്‍ അറിയിക്കും.  ഗെയിം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ഭീഷണി സന്ദേശമായിരിക്കും ലഭിക്കുക.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ രഹസ്യ ഗ്രൂപ്പ് ആയിട്ടാണ് ഇവര്‍ പ്രത്യക്ഷപ്പെടുക. ഗ്രൂപ്പിലെ അംഗങ്ങള്‍ക്കായി മത്സരം സംഘടിപ്പിക്കും‍. ഘട്ടംഘട്ടമായി തുടങ്ങുന്ന ഗെയിമില്‍ ഒറ്റയ്ക്ക് പ്രേതചിത്രങ്ങള്‍ കാണുക, സ്വയം ദേഹോപദ്രവം ഏല്‍പിക്കുക, അസമയങ്ങളില്‍ ഉറക്കമുണരുക എന്നിവയുമുണ്ട്. 

ഈ ഗെയിമില്‍ ദേഹോപദ്രവം ഏല്‍പിക്കുക എന്നത് വെറുതെ ശരിരത്തില്‍ ഒരു മുറിവുണ്ടാക്കുകയല്ല, മറിച്ച് ഒരു തിമിംഗലത്തിന്‍റെ രൂപത്തില്‍ ആയിരിക്കണം ശരീരത്തില്‍ മുറിവുണ്ടാക്കേണ്ടത്. മാത്രമല്ല, ഇതിന്‍റെയൊക്കെ ചിത്രങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യുകയും വേണം. 

അൻപത് സ്റ്റേജുകളുള്ള ഈ ഗെയിമിന്‍റെ ചില ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു

* ഹൊറര്‍ ചിത്രങ്ങള്‍ ഒറ്റയ്ക്ക് കാണാനാകുമോ?
* സ്വന്തം ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിക്കുക.
* പുലര്‍ച്ചെ 4:20 നു ഉണരുക ഒറ്റയ്ക്ക് വീടിന്‍റെ മുകളില്‍ പോവുക.
* തിമിംഗലത്തിന്‍റെ രൂപം സ്വന്തം കൈയില്‍ കൊത്തുക.
* ചുണ്ട് മുറിക്കുക
* വീടിന്‍റെ മട്ടുപ്പാവിന്‍റെ അതിരില്‍ കാല്‍ തൂക്കിയിട്ടിരിക്കുക..
* ദിവസം മുഴുവന്‍ ആരോടും സംസാരിക്കാതിരിക്കുക.
* റെയില്‍വേ പാളം സന്ദര്‍ശിക്കുക.
* ഒരു വെള്ളപേപ്പറില്‍ 'ഞാന്‍ ശക്തനാണ്, എനിക്ക് ആവശ്യമുള്ളതെല്ലാം എനിക്ക് ചെയ്യാന്‍ കഴിയും" എന്ന് 50 പ്രാവശ്യം   എഴുതുക.

മേല്‍പ്പറഞ്ഞ അപകട ഘട്ടങ്ങള്‍ കൂടാതെ ഇനിയും ഏറെ ഘട്ടങ്ങളുണ്ട്. ഇവയെല്ലാം അവസാനം മരണത്തിലാണ് ചെന്നെത്തുന്നത്.  റഷ്യയിൽ വേരുറപ്പിച്ച മരണക്കളി ഇപ്പോൾ കേരളത്തിലും വ്യാപകമാകുന്നു. ഗെയിമിന്‍റെ തീവ്രത മനസിലാക്കാതെയാണ് കുട്ടികൾ ഇതിൽ അകപ്പെട്ടു പോകുന്നത്. എന്നാൽ ഇടയ്ക്ക് വെച്ച് അവസനിപ്പിച്ചു പോകാനു സാധിക്കില്ല. തങ്ങളുടെ ഫോണിലുളള വിവരങ്ങൾ ചോർത്തി ഭീക്ഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. അവസാനം ഗെയിം മാസ്റ്ററുടെ ഭീക്ഷണിയിൽ തുടർന്ന് സ്വന്തമായി ഇവർ ജീവനെടുക്കുന്നു. സൈലന്റ് ഹൗസ്, സീ ഓഫ് വെയ്ല്‍സ് എന്നീ പേരുകളിലും ഗെയിം അറിയപ്പെടുന്നുണ്ട്. ഫേസ് ബുക്ക് വാട്ട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി കേരളത്തിലും ഇതിനെതിരെ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.

Trending News