ഇന്ന് ലോക പ്രമേഹ ദിനം. ഇൻസുലിൻ കണ്ടുപിടിച്ച ഡോക്ടർ ഫ്രെഡറിക് ബാറ്റിംഗിന്റെ ജന്മദിവനമാണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്.
160ൽ പരം രാജ്യങ്ങളിൽ നവംബർ 14 പ്രമേഹ ദിനമായി ആചരിക്കുന്നു. 'കുടുംബവും പ്രമേഹവും' എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം.
ദിനംപ്രതി പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. മനുഷ്യന്റെ ആയുസിനെ കാർന്നു തിന്നുകയാണ് പ്രമേഹമെന്ന ഈ ഭീകരൻ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍.
പാന്‍ക്രിയാസ് ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് വിളിക്കുന്നത്.
ലളിതമായി പറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയിരിക്കുന്ന അവസ്ഥയാണ് പ്രമേഹം
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹബാധിതര്‍ ഉള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
ഇതില്‍ത്തന്നെ പ്രമേഹബാധിതരില്‍ ഏറെയും സ്ത്രീകളാണ് എന്നതാണ് വാസ്തവം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലത്തെ പ്രമേഹമാണ് ഏറ്റവും വലിയ ഭീഷണി.
ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ തുടര്‍ന്നും പ്രമേഹം ഉണ്ടാവുമെന്ന് മാത്രമല്ല കുഞ്ഞുങ്ങള്‍ക്കും പ്രമേഹമുണ്ടാകുവാനുള്ള സാധ്യതയും കുറവല്ല.
നമ്മുടെ ജീവിതശൈലി തന്നെയാണ് പ്രമേഹത്തെ വിളിച്ചുവരുത്തുന്ന പ്രധാനഘടകം. രോഗികളുടെ എണ്ണം കൂടാനുള്ള കാരണവും ഇതുതന്നെ.
കൊഴുപ്പു കൂടിയ ഭക്ഷണം, ശീതള പാനീയങ്ങള്‍, ഫാസ്റ്റ്ഫുഡ്, മധുര പലഹാരങ്ങള്‍, ഇവ ഒഴിവാക്കാന്‍ ആരും തയ്യാറല്ല.
കൂടാതെ വ്യായാമാക്കുറവ്, ശാരീരിക ആരോഗ്യക്കുറവ്, മാനസിക പിരിമുറുക്കം എന്നിങ്ങനെ നീണ്ടു പോകുന്നു പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍.
നാം കഴിക്കുന്ന ഭക്ഷണവും ശരീരാധ്വാനവും തമ്മിലുള്ള അനുപാതം നിലനിര്‍ത്താന്‍ സാധിച്ചാല്‍ പ്രമേഹത്തിന്‍റെ പിടിയില്‍നിന്നും ഒരു പരിധിവരെ രക്ഷപെടാന്‍ സാധിക്കും.
ഇന്ത്യയില്‍ നിലവില്‍ 7 കോടി ജനങ്ങള്‍ക്ക് പ്രമേഹമുണ്ട് എന്നാണ് കണക്ക്. 2040 ആകുമ്പോഴേയ്ക്കും ഇത് 10 കോടി കവിയുമെന്നാണ് അനുമാനം.
കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഇന്‍സുലിന്‍റെ വില്പനയില്‍ 5 മടങ്ങിലധികം വര്‍ദ്ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്.