രാജ്യത്തെ "കോൺഗ്രസ്" വിമുക്തമാക്കി കോൺഗ്രസ്!!

രാജ്യത്തെ "കോണ്‍ഗ്രസ്‌" വിമുക്തമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് പാര്‍ട്ടിയെന്ന്‍, രാജിവച്ച ഹരിയാന കോണ്‍ഗ്രസ് നേതാവ് അശോക്‌ തന്‍വര്‍!!

Last Updated : Oct 5, 2019, 04:44 PM IST
രാജ്യത്തെ "കോൺഗ്രസ്" വിമുക്തമാക്കി കോൺഗ്രസ്!!

ചണ്ഡീഗഢ്: രാജ്യത്തെ "കോണ്‍ഗ്രസ്‌" വിമുക്തമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് പാര്‍ട്ടിയെന്ന്‍, രാജിവച്ച ഹരിയാന കോണ്‍ഗ്രസ് നേതാവ് അശോക്‌ തന്‍വര്‍!!

 കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ ചില നേതാക്കള്‍ വർഷങ്ങളായി വിദേശത്താണെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്ന് പാർട്ടിയിൽ നിന്നും രാജിവച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അശോക് തൻവാർ പറഞ്ഞു. ഹരിയാന കോണ്‍ഗ്രസ്‌ ഹൂഡാ കോണ്‍ഗ്രസ്‌ ആയി മാറിയെന്നും, തുടര്‍ന്നും ഒരു സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങളെപ്പോലുള്ളവർക്ക് പാര്‍ട്ടിയില്‍ അവസരം ലഭിക്കുന്നില്ല, അവസരം ലഭിക്കുമ്പോൾ അതിന് തടസ്സങ്ങൾ സൃഷ്ടിക്കു൦. പാർട്ടിയിൽ ഞങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നു, ഞങ്ങളുടെ അവകാശങ്ങൾക്കായി ഞങ്ങൾ പോരാടി, ഞങ്ങളുടെ സഹപ്രവർത്തകര്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഹരിയാന സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അശോക്‌ തന്‍വര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയ്ക്ക് മുന്‍പില്‍ പ്രതിക്ഷേധിച്ചിരുന്നു. ശേഷമാണ് അശോക്‌ തന്‍വര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജി വയ്ക്കുന്നത്. 

വര്‍ഷങ്ങളായി പാര്‍ട്ടിയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച ആളാണ് താന്‍. എന്നാല്‍, 15 ദിവസം മുന്‍പ് പാര്‍ട്ടിയില്‍ ചേര്‍ന്ന ആള്‍ക്ക് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിത്വം നല്‍കിയതായി ആരോപിച്ച അദ്ദേഹം സൊഹ്ന സീറ്റ് 5 കോടിയ്ക്കാണ് നല്‍കിയത് എന്നും പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുറഞ്ഞത്‌ 6 തവണ ബിജെപിയിൽ ചേരാനായി നേതാക്കള്‍ തന്നെ സമീപിച്ചതായി തൻവർ അവകാശപ്പെട്ടു. താന്‍ ഇത്രമാത്രം അധികാര മോഹിയായിരുന്നില്ല എന്നും അംഗത്വം നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടുവെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണസമിതിയിലെ മുഖ്യ അംഗങ്ങളില്‍ ഒരാളായിരുന്നു അശോക്‌ തന്‍വര്‍. 

 

Trending News