ന്യൂഡൽഹി: അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി മൂന്നു ദിവസത്തേക്ക് നീട്ടി. നേരത്തേ ഇളവു നല്‍കിയ അവശ്യസേവനങ്ങള്‍ക്കു മാത്രമാണ് ഇതു ബാധകം.
നേരത്തെ പ്രഖ്യാപിച്ച അവശ്യ സേവനങ്ങൾക്ക് അസാധുവാക്കിയ നോട്ടുകൾ നവംബർ 14 അർദ്ധരാത്രിവരെ ഉപയോഗിക്കാവുന്നതാണ്. ആശുപത്രികൾ, പമ്പുകൾ, കെഎസ് ആർ ടിസി, വിമാനതാവളങ്ങൾ റെയിൽവെ , ശ്മശാനങ്ങൾ എന്നിവിടങ്ങളിൽ പഴയ നോട്ട് സ്വീകരിക്കും. .. രാജ്യത്തുടനീളം ദേശീയപാതകളിൽ ടോൾ പിരിവ് നിർത്തലാക്കി കൊണ്ടുള്ള തീരുമാനം തിങ്കളാഴ്ചവരെ നീട്ടിയിട്ടുണ്ട്. കേന്ദ്ര ഗതാഗത-ഷിപ്പിംഗ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.
നോട്ടുകള്‍ അസാധുവാക്കിയ ശേഷമുള്ള രണ്ടു പ്രവൃത്തി ദിനം കൊണ്ട് 53,000 കോടി രൂപയുടെ നിക്ഷേപം നടന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. വ്യാഴാഴ്ച മാത്രം 31,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. വെള്ളിയാഴ്ച ഉച്ചവരെ 22,000 കോടി രൂപ നിക്ഷേപിച്ചതായും എസ്ബിഐ വ്യക്തമാക്കി.
1000, 500 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ രാജ്യത്തെ ബാങ്കുകളില്‍ നേരിടുന്ന തിരക്കും, തിരക്കും കണക്കിലെടുത്ത് ആര്‍ബിഐ ഇന്ന് പ്രത്യേക യോഗം ചേരും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് യോഗം. സ്ഥിതിഗതികള്‍ ധനമന്ത്രാലയം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അടിയന്തരമായി ബാങ്കുകളില്‍ പണം എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ മാറ്റി നല്‍കുന്നതിനും പോസ്റ്റ് ഓഫിസ് സേവിങ്‌സ് ഇടപാടുകള്‍ക്കും ഞായറാഴ്ച കേരള തപാല്‍ സര്‍ക്കിളിന് കീഴിലെ എല്ലാ ഹെഡ് പോസ്റ്റ് ഓഫിസുകളും സബ് പോസ്റ്റ് ഓഫിസുകളും പ്രവര്‍ത്തിക്കുമെന്ന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അറിയിച്ചു.