New Delhi: ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് BJP. ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 85% സീറ്റിലും ബിജെപി വിജയം നേടി.
ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കായി 576 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 449 സീറ്റുകളും BJP സ്വന്തമാക്കി. അഹമ്മദാബാദ് കോര്‍പ്പറേഷനില്‍ 145 സീറ്റുകളും, രാജ്കോട്ടില്‍ 72 സീറ്റുകളും ബിജെപി നേടി. ഭാവ്നഗറില്‍ 44 സീറ്റുകള്‍ നേടിയപ്പോള്‍, വഡോദരയില്‍ 65 സീറ്റുകളും ബിജെപി സ്വന്തമാക്കി. സൂറത്തില്‍ 92 സീറ്റുകളും ജാംനഗറില്‍ 50 സീറ്റുകളുമാണ് പാര്‍ട്ടി പിടിച്ചെടുത്തത്. അഹമ്മദാബാദ് 192, രാജ്കോട്ട് 72, ജാംനഗര്‍ 64, ഭാവ്നഗറില്‍ 52, വഡോദര 76, സൂറത്ത് 120 എന്നിങ്ങനെയാണ് ആകെ സീറ്റുകളുടെ എണ്ണം.
അതേസമയം, ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയം ഇനി ആവര്‍ത്തിക്കുക പശ്ചിമ ബംഗാളില്‍ ആണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) പറഞ്ഞു
'ഈ വിജയം തന്നെ പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിലും BJP ആവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് നടന്ന 85% സീറ്റിലും ബിജെപിക്ക് വിജയിക്കാനായി. 44 സീറ്റുകളില്‍ മാത്രം ജയിച്ച് കോണ്‍ഗ്രസ് തകര്‍ന്നു', അമിത് ഷാ പറഞ്ഞു.
'ഗുജറാത്ത് വീണ്ടും BJPയുടെ ശക്തികേന്ദ്രമായിതന്നെ നിലകൊണ്ടുവെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വോട്ടെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. മോദിജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'വികാസ് യാത്ര' ബി.ജെ.പി തുടരുന്നു. ഇന്നത്തെ ഫലങ്ങള്‍ ഗുജറാത്തിലെ മികച്ച ഫലങ്ങളിലൊന്നാണ്' അമിത് ഷാ പറഞ്ഞു.
കര്‍ഷകരുടെ പ്രതിഷേധം, കോവിഡ് തുടങ്ങിയ വിഷയങ്ങളില്‍ പലതരം തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. പക്ഷെ അതിനെയെല്ലാം മറികടന്നായിരുന്നു ബി ജെ പി യുടെ വിജയമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആത്മ പരിശോധന നടത്താന്‍ ഇതൊരു സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...