Independence day 2021: ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്

ഓഗസ്റ്റ് 15 വരെ പൊതുജനങ്ങള്‍ക്ക് ചെങ്കോട്ടയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല

Written by - Zee Malayalam News Desk | Last Updated : Aug 6, 2021, 07:49 PM IST
  • കഴിഞ്ഞ ദിവസം ചെങ്കോട്ടയ്ക്ക് പുറകുവശത്ത് കൂടി പറന്ന ഒരു ഡ്രോൺ ഡൽഹി പൊലീസ് പിടിച്ചെടുത്തിരുന്നു
  • വെബ് സീരിസ് ചിത്രീകരണത്തിനായി ഉപയോഗിച്ച ഡ്രോണ്‍ ആയിരുന്നു ഇതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു
  • സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഡ്രോണ്‍, പാരാഗ്ലൈഡിംഗ്, ഹോട്ട് എയര്‍ ബലൂണ്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു
  • ഓഗസ്റ്റ് 16 വരെ നിയന്ത്രണം ബാധകമായിരിക്കും
Independence day 2021: ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ചെങ്കോട്ടയ്ക്ക് മുന്നില്‍ കനത്ത സുരക്ഷ (Security) ഏര്‍പ്പെടുത്തി ഡല്‍ഹി പൊലീസ്. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി വലിയ കണ്ടെയ്‌നറുകളാണ് ചെങ്കോട്ടയ്ക്ക് മുന്നില്‍ നിരത്തിയിരിക്കുന്നത്. നിരവധി പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയപതാക (National flag) ഉയർത്തൽ ഉൾപ്പടെയുളള പ്രധാന ചടങ്ങുകൾ നടക്കുക ചെങ്കോട്ടയിലാണ്.

ഓഗസ്റ്റ് 15 വരെ പൊതുജനങ്ങള്‍ക്ക് ചെങ്കോട്ടയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡ്രോൺ ആക്രമണം നടത്താൻ പാകിസ്ഥാൻ പിന്തുണയോടെ തീവ്രവാദ സംഘങ്ങൾ ശ്രമിക്കുന്നതായി ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെങ്കോട്ടയ്ക്ക് പുറകുവശത്ത് കൂടി പറന്ന ഒരു ഡ്രോൺ ഡൽഹി പൊലീസ് പിടിച്ചെടുത്തിരുന്നു. വെബ് സീരിസ് ചിത്രീകരണത്തിനായി ഉപയോഗിച്ച ഡ്രോണ്‍ ആയിരുന്നു ഇതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. വെബ് സീരീസ് (Web series) ചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും ഡ്രോണ്‍ ഉപയോഗിക്കാൻ അനുമതി നല്‍കിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ALSO READ: Independence Day 2021: സ്വാതന്ത്ര്യദിന പ്രസംഗത്തിനുള്ള ആശയങ്ങള്‍ ക്ഷണിച്ച് PM Modi

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഡ്രോണ്‍, പാരാഗ്ലൈഡിംഗ്, ഹോട്ട് എയര്‍ ബലൂണ്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നു. ഓഗസ്റ്റ് 16 വരെ നിയന്ത്രണം ബാധകമായിരിക്കും. ഡ്രോണുകൾ (Drone) സുരക്ഷാ ഭീഷണി ഉയർത്തുന്ന സംഭവങ്ങൾ കശ്‌മീരിലടക്കം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഡൽഹി പോലീസിന്‍റെ നടപടി. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ചെങ്കോട്ടയിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇത്തരത്തിലുള്ള സംഘർഷങ്ങൾ ഒഴിവാക്കാനും പൊലീസ് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News