കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡിഎംകെ അദ്ധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി അന്തരിച്ചു. വൈകിട്ട് 06:10 നായിരുന്നു അന്ത്യം.
അദ്ദേഹത്തിന്‍റെ അന്ത്യസമയത്ത് മക്കളായ സ്റ്റാലിനും കനിമൊഴിയുമടക്കം എല്ലാവരും തന്നെ സമീപത്തുണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരം മുതല്‍ കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിന്‍. കൂടാതെ പ്രായാധിക്യവും രോഗങ്ങളും ചികിത്സയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിക്കാന്‍ സാധിക്കുമോ എന്ന് പറയാന്‍ കഴിയില്ല എന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു.
പ്രിയ നേതാവിന്‍റെ ആരോഗ്യനില കൂടുതല്‍ വഷളായെന്ന സൂചന ലഭിച്ചതുമുതല്‍ ആശുപത്രി പരിസരം മുഴുവന്‍ പ്രവര്‍ത്തകരെകൊണ്ട് നിറഞ്ഞിരുന്നു. കൂടാതെ, ആയിരക്കണക്കിന് അണികളാണ് അദ്ദേഹത്തിന്‍റെ ഗോപാലപുരത്തെ വസതിയിലേയ്ക്ക് എത്തിയത്. ചെന്നൈയിലും ആശുപത്രി പരിസരത്തും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഇന്നലെ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും സശുപത്രിയില്‍ എത്തിയിരുന്നു. ജൂലൈ 29ന് കരുണാനിധി ആശുപത്രിയിലായശേഷം ഇതാദ്യമായാണ് ദയാലു അമ്മാൾ അദ്ദേഹത്തെ സന്ദർശിക്കാനെത്തിയത്.
'കലൈഞ്ജർ വാഴ്ക' യെന്ന വാക്കുകൾ ആശുപത്രി പരിസരത്ത് ഉയർന്നുകേൾക്കുകയാണ്. അദ്ദേഹത്തിന്‍റെ ചിത്രങ്ങളുമായാണ് നിരവധി പേർ എത്തിയിരിക്കുന്നത്. തലൈവരേ എഴുന്നേറ്റ് വാ എന്നാണ് അണികള്‍ ആശുപത്രിക്ക് മുമ്പില്‍ വിലപിക്കുന്നത്.