New Delhi: സുപ്രീം കോടതി കൈവിട്ടതോടെ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രിയായ സത്യേന്ദർ ജെയിനും സംസ്ഥാന മന്ത്രിസഭയിലെ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചു. ഇന്നാണ് (ചൊവ്വാഴ്ച) ഇരുവരും രാജി സമര്‍പ്പിച്ചത്. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സ്വീകരിച്ചു.
അതേസമയം, ഡല്‍ഹി മദ്യനയ അഴിമതി കേസിൽ സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന മനീഷ് സിസോദിയ സിബിഐ അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സിസോദിയയുടെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതോടെയാണ് മനീഷ് സിസോദിയ രാജി സമര്‍പ്പിച്ചത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സിസോദിയയുടെ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് മനു സിംഗ്വിയാണ് സമീപിച്ചത്. ഹൈക്കോടതിയെ സമീപിക്കാതെ, നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് എന്തുകൊണ്ടാണെന്ന് കോടതി ആ അവസരത്തില്‍ ചോദിയ്ക്കുകയുണ്ടായി.
ഡല്‍ഹി എക്‌സൈസ് നയം അഴിമതിക്കേസിൽ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഞായറാഴ്ചയാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇപ്പോൾ റദ്ദാക്കപ്പെട്ടിരിയ്ക്കുന്ന മദ്യനയ കേസിൽ തിങ്കളാഴ്ച ഡൽഹി കോടതി സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. അതനുസരിച്ച് മാർച്ച് 4 വരെ സിസോദിയ CBI കസ്റ്റഡിയില്‍ തുടരും.
അതേസമയം, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഏകദേശം ഒരു വര്‍ഷത്തോളമായി സത്യേന്ദർ ജെയിന്‍ ജയിലില്‍ കഴിയുകയാണ്. അതിനിടെ സത്യേന്ദർ ജെയിന്‍ ജയിലില്‍ നടത്തുന്ന സുഖ വാസത്തിന്‍റെ വീഡിയോകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ഇത് ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കൂടുതല്‍ കോട്ടം തട്ടിച്ചിരുന്നു.
ഏതായാലും രണ്ടു പ്രമുഖ നേതാക്കളുടെ ജയില്‍ വാസം ആം ആദ്മി പാര്‍ട്ടിയ്ക്കും ഡല്‍ഹി മുഖ്യമന്ത്രിയ്ക്കും വലിയ ക്ഷീണമാണ് വരുത്തിയിരിയ്ക്കുന്നത്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...