വന്‍ ഓഫറുകളുമായി മോദിയുടെ ജയ്പൂര്‍ റാലി ഇന്ന്

മെഗാ റാലിയ്ക്കായി പ്രധാനമന്ത്രി ജയ്പൂറില്‍ എത്തി. 

Last Updated : Jul 7, 2018, 01:42 PM IST
വന്‍ ഓഫറുകളുമായി മോദിയുടെ ജയ്പൂര്‍ റാലി ഇന്ന്

ജയ്പൂര്‍: മെഗാ റാലിയ്ക്കായി പ്രധാനമന്ത്രി ജയ്പൂറില്‍ എത്തി. 

ജയ്പൂരിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി വസുന്ധരരാജെയും പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.

വരാനിരിക്കുന്ന നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ ഇന്ന് നടക്കുന്ന മെഗാറാലി. ഈ വര്‍ഷം അവസാനത്തോടെയാണ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 

റാലി നടക്കുന്ന എസ്.എം.എസ് സ്റ്റേഡിയവും അമ്രുതോങ്ക ബാഗും പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ പൂര്‍ണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ മെഗാ റാലി നടക്കുന്ന ജയ്പൂര്‍ ഒരു കോട്ടയുടെ പ്രതീതിയാണ് ജനിപ്പിക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പലതവണ സ്ഥലം സന്ദര്‍ശിക്കുകയും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു. 

അതേസമയം, പ്രധാനമന്ത്രിയുടെ റാലിക്ക് സംസ്ഥാന സര്‍ക്കാര്‍ ചെയലവഴിക്കുന്നത് 7.23 കോടി രൂപ. കേന്ദ്ര സര്‍ക്കാറിന്‍റെ വിവിധ പദ്ധതികളുടെ രണ്ടരലക്ഷം ഗുണഭോക്താക്കളെ റാലിക്കെത്തിക്കാനാണ് സര്‍ക്കാര്‍ ഈ ഭീമമായ സംഖ്യ ചെലവിടുന്നത്. ഗതാഗതത്തിനുവേണ്ടി മാത്രമുള്ള ചെലവാണിത്. ഭക്ഷണത്തിനും താമസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വലിയൊരു സംഖ്യ ചെലവുവരുന്നതായാണ് സൂചന.

കേന്ദ്ര സര്‍ക്കാറിന്‍റെ വിവിധ പദ്ധതികളുടെ രണ്ടരലക്ഷം ഗുണഭോക്താക്കളെ രാജസ്ഥാന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും റാലി നടക്കുന്ന ജയ്പൂരിലേക്ക് എത്തിക്കാന്‍ ഏകദേശം 5579 ബസുകളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് 5000 പേരെ അയക്കാന്‍ ബാര്‍മര്‍ ജില്ലാ ഭരണകൂടത്തിന് 24.10 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു. 

അതേസമയം, ബിജെപിയെ പിന്തുണയ്ക്കുന്നവരും പ്രവര്‍ത്തകരുമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ പദ്ധതികളുടെ ഗുണഭോക്താക്കളെന്ന് കോണ്‍ഗ്രസ്‌ വിമര്‍ശിച്ചു. കൂടാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള റാലിയിലേക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ ചിലവില്‍ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.  

 

Trending News