നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി തള്ളി

നിര്‍ഭയ കേസില്‍ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി തള്ളി.

Last Updated : Mar 2, 2020, 11:42 AM IST
നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി തള്ളി.

ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ചേംബറില്‍ ഹര്‍ജി പരിഗണിച്ചത്.

അതേസമയം, കേസിലെ മറ്റ് മൂന്ന് പ്രതികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും മുന്‍പേ തന്നെ തള്ളിയതാണ്. എന്നാല്‍, പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്.
ഡല്‍ഹി പട്യാല കോടതി പുറത്തിറക്കിയമരണ വാറണ്ട് അനുസരിച്ച് നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കേണ്ടത്. എന്നാല്‍, പവന്‍ഗുപ്ത ഇതുവരെ ദയാഹര്‍ജി നല്കാത്തതിനാല്‍ വധശിക്ഷ നടപ്പാക്കല്‍ നീണ്ടേക്കും.

അതേ സമയം. വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും നല്‍കിയ ഹര്‍ജി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതിയില്‍ നല്‍കിയ ഹര്‍ജിയും ദയാഹര്‍ജിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരണവാറണ്ട് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം.

2012 ഡിസംബര്‍ 16ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്‌. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒന്നാംപ്രതി റാം സിംഗ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സി൦ഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്ത് തീഹാര്‍ ജയിലില്‍ കഴിയുന്നത്.

പ്രതികൾ കണക്കുകൂട്ടിയുള്ള നീക്കങ്ങളാണു നടത്തുന്നത് എന്നും പ്രതികളിലൊരാളായ പവൻ ഗുപ്ത തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാതിരിക്കുന്നതു മനഃപൂർവമാണെന്നും നിയമ നടപടി പൂർത്തിയായവർക്കു വധശിക്ഷ നടപ്പാക്കണമെന്നും ഇതിനോടകം സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത ആവശ്യപ്പെട്ടിരുന്നു.

കേസിലെ 4 പ്രതികളില്‍ പവന്‍ ഗുപ്ത ഇതുവരെ ദയാഹര്‍ജി നല്‍കിയിട്ടില്ല. മറ്റ് മൂന്ന് പേരുടെയും എല്ലാ വിധ നിയമ പരിരക്ഷയും അവസാനിച്ചിരിക്കുകയാണ്.

വധശിക്ഷ ഒരുമിച്ച് നടപ്പാക്കേണ്ട എന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി വിധിക്കുകയാണെങ്കില്‍ ഒരു പക്ഷെ "മാര്‍ച്ച്‌ 3, 2020" ന്യായത്തിന്‍റെ ദിവസം എന്ന് ചരിത്രത്തില്‍ കുറിയ്ക്കപ്പെടും....

Trending News