ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്സഭാ സമ്മേളനത്തില്‍ സംഭവിച്ചതുപോലെ ഇത്തവണയും അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുവാദം നല്‍കില്ല എന്ന് കരുതിയിരുന്നവരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള അനുവാദം നല്‍കുമെന്ന തീരുമാനം ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിക്കുന്നത്.
ഇത്തരം പ്രമേയങ്ങള്‍ ചര്‍ച്ചക്കെടുക്കില്ലെന്ന നിലപാടാണ് ഇതുവരെ മോദി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്, എന്നാല്‍ സ്പീക്കറുടെ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീടുള്ള സമ്മേളനത്തിന്‍റെ ദിവസങ്ങള്‍ എന്നും ബഹളത്തില്‍ മുങ്ങിയിരുന്നു. അവിശ്വാസ പ്രമേയവുമായി എത്തിയ പ്രതിപക്ഷം പോലും ഒരു പക്ഷെ, പ്രമേയം അവതരിപ്പിക്കാന്‍ അനുവാദം ലഭിക്കുമെന്ന് കരുതിയിരിക്കില്ല. അപ്പോഴാണ് സ്പീക്കറുടെ ഭാഗത്തുനിന്നും അവിശ്വസനീയമായ ഈ നടപടി.
പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചാലും ഒടുക്കം വിജയം സര്‍ക്കാരിന് തന്നെ എന്ന് ഭരണപക്ഷത്തിന് നന്നായി അറിയാം. പിന്നെന്തിന് പ്രതിപക്ഷത്തെ ഭയക്കണം, അതിനാല്‍ പ്രതിപക്ഷത്തിന്‍റെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന നിലപാടാണ് ഇത്തവണ ഭരണപക്ഷം സ്വീകരിച്ചിരിക്കുന്നത്.
എത് വിഷയത്തിലും ചര്‍ച്ചയാകാമെന്ന നിലപാടാണ് ഇത്തവണ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സഭയില്‍ മതിയായ ഭൂരിപക്ഷമുണ്ടെന്ന് ഉറപ്പാക്കിയാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കൂടാതെ പാര്‍ട്ടിയുടെ ഓരോ നീക്കത്തിന് പിന്നിലും കൃത്യമായ ഗൃഹപാഠം വ്യക്തമാണ്.
അതേസമയം, പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന്‍റെ പിന്നില്‍ വ്യക്തമായ ചില ഉദ്ദേശ്യങ്ങള്‍ ഉണ്ട്. മോദി സര്‍ക്കാറിനെതിരെ ഉയരുന്ന വിഷയങ്ങള്‍ പൊതു ചര്‍ച്ചയില്‍ എത്തിക്കുക എന്നതാണ് അതില്‍ മുഖ്യമായത്.
ഭരണ തുടക്കത്തില്‍ ഒപ്പമുണ്ടായിരുന്ന തെലുങ്ക് ദേശം പാര്‍ട്ടിയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത് എന്നതാണ് വിചിത്രമായ വസ്തുത. കൂടാതെ കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ മികവ് എന്തായാലും ഭരണകക്ഷിയ്ക്കുതന്നെ. എന്നാല്‍ അതില്‍ക്കൂടുതല്‍ നേട്ടം പ്രധാനമന്ത്രിയ്ക്കാണ്. വിവധ സ്ഥലങ്ങളില്‍ നടക്കുന്ന റാലികളില്‍ പ്രതിപക്ഷത്തെ കണക്കിന് വിമര്‍ശിക്കുന്ന പ്രധാനമന്ത്രിയ്ക്ക് ലോക്സഭയില്‍ എല്ലാ പാര്‍ട്ടി നേതാക്കളെയും ഒരുമിച്ച് നേരിടാന്‍ സാധിക്കുമെന്നത് തന്നെ.
ലോക്‌സഭയില്‍ സര്‍ക്കാരിന് 312 അംഗങ്ങളുടെ പിന്തുണയുണ്ട്. ബിജെപിയ്ക്കുതന്നെ 272 അംഗങ്ങളും. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ അംഗബലം 147 ആണ്. ഒരു ഭാഗത്തും നില്‍ക്കാത്ത കക്ഷികളുടെ അംഗങ്ങള്‍ 76 പേരുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാറിന് പൂര്‍ണ വിശ്വാസത്തോടെ മുന്നോട്ടു നീങ്ങാം.