ന്യൂഡല്‍ഹി: India-US ബന്ധം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചുവെന്നും, വിശ്വാസവും, പരസ്പര ബഹുമാനവുമാണ് ഉഭയ കക്ഷി ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ കാരണമെന്നും വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ട്രംപിനും കുടുംബത്തിനും പുതുവര്‍ഷ ആശംസകള്‍ അറിയിക്കാനാണ് പ്രധാനമന്ത്രി ഫോണില്‍ വിളിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
'വിശ്വാസം, പരസ്പര ബഹുമാനം, ധാരണ എന്നിവയില്‍ അധിഷ്ഠിതമായ India-US ബന്ധം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന പുരോഗതി കഴിഞ്ഞ വര്‍ഷം കൈവരിക്കാനായി. ഉഭയകക്ഷി താത്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ട്രംപുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം മോദി പ്രകടിപ്പിച്ചിട്ടുണ്ട്.' പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
അതേസമയം, ഇറാന് US ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെ മോദി നടത്തിയ ഫോണ്‍ സംഭാഷണം രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.