ന്യുഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം ചരമവാർഷിക ദിനമാണ് ഇന്ന്. 1991 മെയ് 21 ന് ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന ചാവേർ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) അംഗമായ തനു എന്നറിയപ്പെടുന്ന തെൻമൊഴി രാജരത്നം ആണ് ആക്രമണം നടത്തിയത്. ആത്മഹത്യാ ബോംബറായി സ്വയമൊരഗ്നികുണ്ഡമായി മാറി ഇന്ത്യയുടെ ‘രാജ്യസേവകന്‍’ എന്നറിയപ്പെട്ട രാജീവ് ഗാന്ധിയുടെ ജീവനെടുത്തു.
Also read: മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
ലോക്സഭാ തെരഞ്ഞെടുപ്പിനിടയിലുള്ള അദ്ദേഹത്തിന്റെ കൊലപാതകം ഇന്ത്യൻ രാഷ്ട്രീയ ലോകത്തെ ആകെ നടുക്കിയിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടി. രാജീവ് ഗാന്ധിയെ കൂടാതെ മറ്റ് 13 പേരും അന്നത്തെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ എത്തിയ ഇന്ത്യന്‍ സമാധാനസേന അവിടെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു അവര്‍ അദ്ദേഹത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിലാണ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്.
1991 മേയ് 21-ന് വിശാഖപട്ടണത്തിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനു ശേഷം ശ്രീപെരുമ്പത്തൂരിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തിലായിരുന്നു ചാവേര്‍ കാത്തിരുന്നത്. ജനങ്ങള്‍ നല്‍കിയ പൂച്ചെണ്ടുകളും, പൂമാലകളും സ്വീകരിച്ച് രാജീവ് ഗാന്ധി വേദിക്കടുത്തേക്ക് നടന്നു പോകുമ്പോള്‍ കാത്തു നിന്ന ചാവേര്‍ അനുഗ്രഹം തേടാനെന്ന വ്യാജേന കാലില്‍ തൊടാന്‍ കുനിയുകയും തന്റെ അരയില്‍ സ്ഥാപിച്ചിരുന്ന ബോബ് ഞൊടിയിടയില്‍ പൊട്ടിക്കുകയുമായിരുന്നു. പിന്നീട് അവിടെ കണ്ടത് ഒരുവലിയ അഗ്നി ഗോളമായിരുന്നു.
ശ്രീലങ്കയിൽ ഒരു സ്വതന്ത്ര തമിഴ് രാഷ്ട്രം വേണമെന്ന് ആഗ്രഹിച്ച പുലികളുടെ നേതൃത്വമാണ് കൊലപാതകത്തിന്റെ സൂത്രധാരൻ. രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രിസ്ഥാനത്തിൽ ഇന്ത്യ ആഭ്യന്തര യുദ്ധത്തിൽ ശ്രീലങ്കൻ സർക്കാരിന്റെ സഹായത്തിനായി സൈന്യത്തെ അയച്ചിരുന്നു.
Also read: മോഹനം ഒരു രാഗമാണെങ്കിൽ മോഹൻലാൽ സംഗീതമാണ്: ഷാജി കൈലാസ്
രാജീവ് ഗാന്ധിയും അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് ജെ ആർ ജയവർധനയും 1987 ജൂലൈയിൽ ഇന്തോ-ശ്രീലങ്ക ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നു. കരാർ പ്രകാരം എൽടിടിഇയെ പിരിച്ചുവിടുകയും തമിഴിനെ ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷകളിലൊന്നാക്കുകയും ചെയ്തു.
താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ശ്രീലങ്കയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വീണ്ടും സമാധാന സംരക്ഷണ സേനയെ അയക്കുമെന്ന് 1990 ഓഗസ്റ്റ് 21 ന് സണ്‍ഡേ മാസികക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രസ്താവിച്ചതാണ് തമിഴീഴ വിടുതലൈപ്പുലികളെ ചൊടിപ്പിച്ചത്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ ഇന്ത്യ വീണ്ടും പങ്കുവഹിക്കുമെന്ന് തീവ്രവാദ സംഘടന ഭയന്നതിനാൽ രാജീവ് ഗാന്ധി വീണ്ടും അധികാരത്തിൽ വരുന്നത് തടയാനാണ് എൽടിടിഇ കൊലപാതകം ആസൂത്രണം ചെയ്തത്.
രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം അധികാരത്തിലെത്തിയ ചന്ദ്രശേഖര്‍ സര്‍ക്കാര്‍ അന്വേഷണം സിബിഐയ്ക്ക് വിടുകയും ഡി.ആര്‍. കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കുകയുമായിരുന്നു.
അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ആസൂത്രണവും നടത്തിപ്പും എല്‍ടിടിഇ ആണെന്നു കണ്ടെത്തുകയും കേസില്‍ 26 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് പ്രത്യേക കോടതി എല്ലാവര്‍ക്കും വധശിക്ഷ വിധിക്കുകയും ചെയ്തു. രാജ്യത്തെ നിയമവിദഗ്ദരെ ഞെട്ടിച്ച ഒരു വിധിയായിരുന്നു ഇത്.
ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. 1984 ൽ നാൽപതാമത്തെ വയസ്സിൽ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. ഡൽഹിയിലെ യമുന നദിയുടെ തീരത്ത് അമ്മയുടെയും സഹോദരന്റെയും മുത്തച്ഛന്റെയും ശ്മശാന സ്ഥലത്തിനടുത്താണ് സംസ്കാരം. വീരഭുമി എന്നാണ് മൈതാനം അറിയപ്പെടുന്നത്.