ശ്രീനഗർ: കശ്മീർ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. പ്രാദേശിക സംഘടനാ നേതാക്കൾ, സി.പി.എം പ്രതിനിധികൾ, പ്രതിപക്ഷ പാർട്ടിയായ നാഷനൽ കോൺഫൻസ്, ബോട്ട് ഉടമകൾ, സിക്ക് സമുദായ പ്രതിനിധികൾ, കശ്മീരി പണ്ഡിറ്റുകൾ തുടങ്ങിയവരുമായും രാജ്നാഥ് സിങ് ചർച്ച നടത്തി.
കശ്മീർ പ്രശ്ന പരിഹാരത്തിന് പാകിസ്താനുമായും വിഘടനവാദികളുമായും കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്നാണ് നാഷനൽ കോൺഫറൻസ് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചത്. അതേസമയം സംസ്ഥാനത്തെ പ്രധാന വ്യവസായ സംഘടനകളായ കെ.സി.സി.െഎയും കെ.ഇ.എയും മന്ത്രിയെ കാണില്ല. മന്ത്രി വന്നതുകൊണ്ട് പ്രത്യേകിച്ച് ഉപകാരമില്ലെന്നും താഴ്വരയിലെ ജനങ്ങളോട് കേന്ദ്രമന്ത്രിമാർ പ്രതികാരത്തോടും അഹങ്കാരത്തോടുമാണ് പെരുമാറുന്നതെന്നും ഇൗ സംഘടനകൾ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് പാർട്ടിയും കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. കശ്മീരില്‍ പ്രശ്‌നപരിഹാരത്തിനല്ല വിനോദയാത്രക്കാണു രാജ്‌നാഥ് സിങ് വന്നതെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്. അതിനിടെ സംസ്ഥാനത്തെ ബന്ധിപൂര, ബാരാമുല്ല, ബുഡ്ഗാം, ഗന്ധർബാൽ തുടങ്ങിയ ജില്ലകളിലും ശ്രീ നഗറിെൻറ ചില ഭാഗങ്ങളിലും നിരോധനാജ്ഞ പിന്‍വലിച്ചതായി പൊലീസ് അറിയിച്ചു.