അയോധ്യ കേസ്: സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും

ഈ കേസ് നേരത്തേ പരിഗണിച്ചതും സുപ്രധാന തീരുമാനത്തിലെത്തിയതും മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ചായിരുന്നു  

Last Updated : Oct 29, 2018, 08:15 AM IST
അയോധ്യ കേസ്: സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് ഭൂമിതർക്ക കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ്‌ കിഷന്‍ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. രാവിലെ പതിനൊന്നു മണിമുതല്‍ ആയിരിക്കും വാദം.

ഈ കേസ് നേരത്തേ പരിഗണിച്ചതും സുപ്രധാന തീരുമാനത്തിലെത്തിയതും മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ചായിരുന്നു. മസ്ജിദുകൾ ഇസ്‌ലാമിന്‍റെ അനിവാര്യഘടകമാണോ എന്ന വിഷയം വിശാല ബെഞ്ചിനു വിടേണ്ടതില്ലെന്നായിരുന്നു ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി. അന്ന് ജസ്റ്റിസ് അബ്ദുൾ നസീർ മാത്രം ഇതിനോട് വിയോജിച്ചിരുന്നു. 

തകർക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നൽകിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികളാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിശോധിക്കുന്നത്. 

ഇതിനിടെയാണ് ഇസ്മായിൽ ഫാറൂഖി കേസിലെ നിരീക്ഷണം പുനഃപരിശോധിക്കണമെന്ന ആവശ്യമുയർന്നത്. മസ്ജിദുകൾ ഇസ്‌ലാമിന്‍റെ അവിഭാജ്യഘടകമല്ലെന്ന ഇസ്മായീൽ കേസിലെ (1994) ഭരണഘടനാ ബെഞ്ചിന്‍റെ വിധി പുനഃപരിശോധിക്കണമെന്ന് ഭൂമിതർക്ക കേസിനിടെ വാദമുയർന്നതോടെയാണ് കോടതി ഇക്കാര്യം പരിശോധിച്ചത്. 

മുസ്‌ലിങ്ങൾക്ക് പ്രാർഥനയ്ക്ക് പള്ളി നിർബന്ധമല്ലെന്നാണ് പ്രസ്തുത കേസിൽ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചത്. എവിടെ വേണമെങ്കിലും തുറന്ന സ്ഥലത്തുപോലും പ്രാർഥന നടത്താമെന്നും വിധിയിൽ നിരീക്ഷിച്ചിരുന്നു.

അയോധ്യ കേസിൽ വാദം കേൾക്കുംമുമ്പ് ഈ വിഷയം ഏഴംഗ ബെഞ്ച് പുനഃപരിശോധിക്കണമെന്നാണ് ചില മുസ്‌ലിം സംഘടനകൾ വാദിച്ചത്. എന്നാൽ, വിശാല ബെഞ്ചിനു വിടാൻമാത്രം പ്രാധാന്യമുള്ള നിരീക്ഷണമല്ല ഇസ്മായീൽ ഫാറൂഖി കേസിലേത് എന്നാണ് സുപ്രീംകോടതി സെപ്റ്റംബർ 27-നു വിധിച്ചത്.

Trending News