Subhas Chandra Bose Jayanti 2023: നേതാജിയുടെ 126-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2023 ജനുവരി 23 ന് സുഭാഷ് ചന്ദ്രബോസ് ജയന്തി 2023 ആചരിക്കും. ആസന്നമായ സ്വാതന്ത്ര്യ സമര സേനാനിയും ഐഎൻഎയുടെ നേതാവുമായ സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം ആഘോഷിക്കുന്നതിനും ആദരിക്കുന്നതിനുമായി ജയന്തിയെ പരാക്രം ദിവസ് എന്നും വിളിക്കുന്നു.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ശക്തമായ പോരാട്ടം നടത്തി സ്വാതന്ത്ര്യ സമര പോരാളികളുടെ ഹൃദയത്തിൽ ഇടം നേടിയ വ്യക്തിയായിരുന്നു നേതാജി എന്നറിയപ്പെട്ടിരുന്ന സുഭാഷ് ചന്ദ്ര ബോസ്. രണ്ട് തവണ തുടർച്ചയായി അദ്ദേഹത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡൻ്റായി തിരഞ്ഞെടുത്തിരുന്നു. ബ്രിട്ടീഷ് സൈന്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനുള്ള മികച്ച മാര്‍ഗമായി അദ്ദേഹം ആദ്യത്തെ ഇന്ത്യന്‍ സായുധ സേന - ആസാദ് ഹിന്ദ് ഫൗജ് (Indian National Army) സ്ഥാപിച്ചു. ശേഷം സുഭാഷ് ചന്ദ്രബോസ് ആരാണെന്ന് അറിയാത്ത വ്യക്തികൾ പോലും അദ്ദേഹത്തിൻ്റെ മുദ്രാവാക്യങ്ങൾ ഹൃദയത്തോട് ചേർത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയിരുന്നു എന്നതാണ് വാസ്തവം.
ദേശസ്‌നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളായിരുന്നു നേതാജിയുടേത്. നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ126-ാം ജന്മദിനമാണ് ഇന്ന്. നേതാജിയുടെ ഓർമ്മയ്ക്കായി ജനുവരി 23 പരാക്രം ദിവസ് ആയിട്ടാണ് ആചരിക്കുന്നത്. കട്ടക്കിൽ 1897 ജനുവരി 23 നായിരുന്നു നേതാജി സുഭാഷ് ചന്ദ്ര ബോസ് ജനിച്ചത്. അദ്ദേഹത്തിന് 14 സഹോദരങ്ങളാണ് ഉണ്ടായിരുന്നത്. പഠനത്തിൽ മിടുക്കനായിരുന്നു നേതാജി മെട്രിക്കുലേഷന്‍ പരീക്ഷയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. സ്വാമി വിവേകാനന്ദൻ്റെ തത്വങ്ങളിലും കൃതികളിലും ആകൃഷ്ടനായ സുഭാഷ് ചന്ദ്ര ബോസ് തൻ്റെ 16-ാം വയസ്സില്‍ വിവേകാനന്ദൻ്റെ തത്വങ്ങള്‍ പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
സാമൂഹിക സേവനങ്ങളിലും പരിഷ്‌കരണങ്ങളിലും വിവേകാനന്ദന്‍ നല്‍കിയ ശ്രദ്ധ സുഭാഷ് ചന്ദ്ര ബോസിനെ പ്രചോദിപ്പിച്ചിരുന്നു ഒപ്പം അദ്ദേഹത്തിൻ്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ സ്വാധീനിക്കുകയുമായിരുന്നു. ഹൈസ്കൂൾ പഠനാനന്തരം ഉന്നത വിദ്യാഭ്യാസത്തിനായി കല്‍ക്കട്ട സര്‍വകലാശാലയുടെ കീഴിലുള്ള സ്‌കോട്ടിഷ് ചര്‍ച്ച് കോളേജില്‍ തത്ത്വശാസ്ത്രത്തില്‍ ബിഎ ഇന്ത്യന്‍ സിവില്‍ സര്‍വീസസിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അദ്ദേഹം അതിൽ നിന്നും പിന്മാറുകയായിരുന്നു. ബ്രിട്ടീഷ് സർക്കാരിനെ സേവിക്കുവാൻ ആഗ്രഹമില്ലെന്ന് തുറന്നു പറഞ്ഞു കൊണ്ട് അദ്ദേഹം 1921-ല്‍ തൻ്റെ സ്ഥാനം രാജിവെച്ചു. ശേഷം ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാടുവാൻ അദ്ദേഹം രംഗത്തിറങ്ങുകയായിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ആയിരുന്നു സുഭാഷ് ചന്ദ്ര ബോസ്. 1923 ലാണ് അദ്ദേഹം അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസിൻ്റെ പ്രസിഡൻ്റായത്. തുടര്‍ന്ന് 1938-ല്‍ കോണ്‍ഗ്രസ് പ്രസിഡൻ്റായി എന്നാൽ 1939-ല്‍ ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസം കാരണം കോണ്‍ഗ്രസ് അംഗത്വം അദ്ദേഹം രാജിവച്ചു.
ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ വിപ്ലവത്തിന് വേണ്ടി അദ്ദേഹം വാദിച്ചപ്പോള്‍, ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് അഹിംസാത്മകമായ സാങ്കേതിക വിദ്യകള്‍ മാത്രമേ പാടുള്ളു എന്ന നിലയിലായിരുന്നു ഗാന്ധിജി ഉറച്ച് നിന്നത്. ഇക്കാരണത്താലാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം ഉപേക്ഷിച്ചത്. രാജ്യത്തിനു സ്വാതന്ത്ര്യം നേടി കൊടുക്കണമെന്ന് അതിയായി ആഗ്രഹിച്ച നേതാജി 11 തവണയാണ് സ്വാതന്ത്ര്യ സമരത്തിനിടെ ജയില്‍വാസം അനുഭവിച്ചത്.
ഇതിനിടയിൽ പത്രപ്രവർത്തകനായും ബോസ് പ്രവർത്തിച്ചു. 'സ്വരാജ്' എന്ന പത്രം ആരംഭിക്കുകയും പിന്നീട് ബംഗാളില്‍ നിന്നുള്ള സഹ ദേശീയവാദിയായ ചിത്തരഞ്ജന്‍ ദാസിൻ്റെ 'ഫോര്‍വേഡ്' എന്ന പത്രത്തിന്റെ എഡിറ്ററായും ബോസ് പ്രവർത്തിച്ചു. പിന്നെ അദ്ദേഹത്തിൻറെ സംവാദം വാർത്തകളിലൂടെയായിരുന്നു. സുഭാഷ് ചന്ദ്രബോസ് എന്ന നമ്മുടെ പ്രിയ നേതാജി അവസാനം ലോകത്തിനുമുന്നിൽ പ്രത്യക്ഷനായത് 1945 ഓഗസ്റ്റ് 18 നായിരുന്നു. വിമാനാപകടത്തില്‍ ഗുരുതരമായ പൊള്ളലും പരിക്കുമേറ്റ അദ്ദേഹം മരിച്ചു എന്നാണ് പറയപ്പെടുന്നതെങ്കിലും അതിന്നും വിശ്വസിക്കാൻ കഴിയാത്ത വിഷയമായി തുടരുകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ മരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
നേതാജിയുടെ ഓർമ്മ ദിവസമായ ഇന്ന് വിവിധ പരിപാടികളാണ് രാജ്യമെമ്പാടും അവതരിപ്പിച്ചിരിക്കുന്നത്. ജന്മദിന വാർഷിക പരിപാടികളിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്ലെയർ വീർ സവർക്കർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ജനുവരി 17 മുതൽ 23 വരെ പോർട്ട് ബ്ലെയറിൽ നടന്ന 'ആസാദി കാ അമൃത് മഹോത്സവ് ഐക്കോണിക് ഇവന്റ്സ് വീക്ക്' സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് ഷാ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മുഖ്യാതിഥിയായി എത്തിയത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 21 പേരില്ലാത്ത ദ്വീപുകൾക്ക് പരം വീർ ചക്ര പുരസ്‌കാര ജോതാക്കളുടെ പേര് നൽകുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപിൽ നിർമ്മിച്ചിരിക്കുന്ന അദ്ദേഹത്തിന്റ സ്മാരകം പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ അനാച്ഛാദനം ചെയ്യും. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് മഹത്തായ സംഭാവനകൾ നൽകിയ നേതാജിയെ സ്മരണ പുതുക്കിക്കൊണ്ടുള്ള പരിപാടികൾ ജനുവരി 17 മുതൽ ആരംഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...