3 സുപ്രധാന വിധികള്‍! എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്...

അയോധ്യ ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച ചരിത്ര പ്രധാന വിധിയ്ക്ക് ശേഷം രാജ്യം വീണ്ടും സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കുകയാണ്... 

Last Updated : Nov 14, 2019, 10:19 AM IST
3 സുപ്രധാന വിധികള്‍! എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്...

ന്യൂഡല്‍ഹി: അയോധ്യ ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച ചരിത്ര പ്രധാന വിധിയ്ക്ക് ശേഷം രാജ്യം വീണ്ടും സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കുകയാണ്... 

3 സുപ്രധാന വിധികളാണ് ഇന്ന് പുറത്തു വരാനിരിക്കുന്നത്... ശബരിമല യുവതീപ്രവേശന വിധിയുടെ പുനഃപരിശോധന, റാഫേല്‍ ഇടപാട് ശരിവച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചിരിക്കുന്ന പുന:പരിശോധന ഹര്‍ജി,  രാഹുല്‍ ഗാന്ധിയുടെ കോടതിയലക്ഷ്യ കേസ് തുടങ്ങിയവയിലാണ് ഇന്ന് വിധി കല്‍പ്പിക്കുക.

ശബരിമല യുവതീപ്രവേശന വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള 56 ഹർജികളിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന 10:30ന് വിധി പറയും. ഹര്‍ജിയില്‍  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി ആറിന് വാദം കേട്ടിരുന്നു. ചീഫ്‌ ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിൽ മൂന്നു പേരും നേരത്തെ യുവതീ പ്രവേശനത്തെ അനുകൂലിച്ചവരാണ്. 2018 സെപ്റ്റംബര്‍ 28ന് യുവതീ പ്രവേശനം അനുവദിച്ചു വന്ന വിധി പുനഃപരിശോധിക്കണമെന്ന 56 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. 

റാഫേല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചിരിക്കുന്ന പുന:പരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. 2018 ഡിസംബര്‍ 14-ന് കരാറിനെ വെല്ലുവിളിച്ചുകൊണ്ടു നല്‍കിയ ഹര്‍ജികള്‍ റദ്ദാക്കിയ വിധിയാണു പുനഃപരിശോധിക്കുക. 

ഈ ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ സുപ്രീംകോടതി വിധി പറയാനായി മാറ്റിവെയ്ക്കുകയായിരുന്നു. റാഫേല്‍ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി വിധി പ്രസ്താവിക്കുക.  

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കോടതിയലക്ഷ്യ കേസാണ് മൂന്നമത്തേത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് "കാവല്‍ക്കാരന്‍ കള്ളനാണ്" (ചൗക്കിദാര്‍ ചോര്‍ ഹേ) എന്ന പരാമര്‍ശം നടത്തിയതിനാണ് രാഹുലിനെതിരെ കേസുള്ളത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാഫേല്‍ കരാറിലെ 'ഇടപെടലിനെ' വിമര്‍ശിച്ചായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. ഇത് ക്രിമിനല്‍ക്കുറ്റമാണെന്നു വാദിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ 'ചൗക്കിദാര്‍ ചോര്‍ ഹേ' എന്ന രാഹുൽ ഗാന്ധിയുടെ പരാമർശം തെറ്റെന്ന് കോടതി വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന് തന്‍റെ പ്രസ്താവന, മന:പൂർവമല്ലാത്തതും, അശ്രദ്ധമായി നൽകിയതും എന്ന് കാണിച്ച് മാപ്പപേക്ഷിച്ചിരുന്നു.

 

Trending News