യുഎപിഎ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. 

Last Updated : Jul 24, 2019, 07:07 PM IST
യുഎപിഎ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. 

8 പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തിയത്. 8നെതിരെ 284 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്.

ബില്‍ സ്റ്റാന്‍ഡി൦ഗ് കമ്മിറ്റിയുടെ പരിഗണനയില്‍ വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സഭയിലുള്ളവരോട് വോട്ടു രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

കോണ്‍ഗ്രസിനു പുറമേ ഇടതുപക്ഷവും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
 
സംഘടനകള്‍ക്കു പുറമേ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയ്ക്കും സര്‍ക്കാറിനും വിപുലമായ അധികാരം നല്‍കുന്നതാണ് നിയമഭേദഗതി ബില്‍.

വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുന്ന വകുപ്പ് അമേരിക്കയും പാക്കിസ്ഥാനും ചൈനയും ഇസ്രയേലും അടക്കമുള്ള രാജ്യങ്ങളിൽ ഉണ്ടെന്ന് അമിത് ഷാ പറഞ്ഞു

ഈ ബില്‍ അനുസരിച്ച്, ഭീകരപ്രവര്‍ത്തനത്തിന്‍റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്‍റെ സഹായമോ ഇടപെടലോ കൂടാതെ തന്നെ എന്‍.ഐ.എയ്ക്ക് കണ്ടുകെട്ടാം. ഭീകരത കേസുകളില്‍ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളുവര്‍ക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ക്കു വിട്ടുകൊടുക്കുന്നതുകൂടിയാണ് നിയമഭേദഗതി ബില്‍.

മുസ്ലിം ലീഗ് അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി, നവാസ് കനി, എ.ഐ.എം.ഐ.എം അംഗങ്ങളായ അസദുദ്ദീൻ ഉവൈസി, ഇംതിയാസ് ജലീൽ, നാഷണൽ കോൺഫറൻസിന്‍റെ സ്‌നൈൻ മസൂദി, മുഹമ്മദ് അക്ബർ ലോൺ, എ.ഐ.യു.ഡി.എഫ് അംഗം ബദ്‌റുദ്ദീൻ അജ്മൽ എന്നിവരാണ് എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്.

അതേസമയം, ഭരണഘടന ആർട്ടിക്കിൾ 21-ന്‍റെ ലംഘനമാണ് ബില്ലെന്നും ജുഡീഷ്യൽ അവകാശങ്ങളെ ഇത് മറികടക്കുന്നുവെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ആരോപിച്ചു. ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയ ഉവൈസി, ഏതെങ്കിലും കോൺഗ്രസ് നേതാവ് ഈ നിയമപ്രകാരം അറസ്റ്റിലാകുമ്പോഴേ അവർ പഠിക്കൂ എന്നും അഭിപ്രായപ്പെട്ടു.

എതിരഭിപ്രായങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമർത്താൻ വേണ്ടി യു.എ.പി.എ നിയമം ഉപയോഗിക്കപ്പെടുമെന്നും ഇത് നിയമരാഹിത്യത്തിലേക്കാണ് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കുക എന്നും മുസ്ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ബിൽ സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഭീകരതയാണെന്നും എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഇത് ഉപയോഗപ്പെടുത്തുകയെന്നും വി.സി.കെ അംഗം തോൽ തിരുമവളൻ ആരോപിച്ചു. 
സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ് ബില്ലെന്ന് സി.പി.ഐ അംഗം സുബ്ബരായൻ പഞ്ഞു. ചെറിയ വിയോജിപ്പുകളുടെ പേരിൽ പോലും ജനങ്ങളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താൻ ബിൽ കാരണമാകുമെന്ന് എ.ഐ.യു.ഡി.എഫ് നേതാവ് ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞപ്പോൾ, നിരപരാധികളെ പീഡിപ്പിക്കാൻ നിയമം ഉപയോഗിക്കപ്പെടാമെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.

Trending News