നടിയെ ആക്രമിച്ച കേസ്: അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ ആവില്ല

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന് അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ ആവില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായ നാദിര്‍ഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‍ ചോദ്യം ചെയ്യാന്‍ സാധിക്കാത്തത് അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കടുത്ത വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Last Updated : Sep 15, 2017, 03:04 PM IST
നടിയെ ആക്രമിച്ച കേസ്: അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ ആവില്ല

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന് അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ ആവില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായ നാദിര്‍ഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‍ ചോദ്യം ചെയ്യാന്‍ സാധിക്കാത്തത് അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കടുത്ത വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

കേസ് അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് കോടതിയില്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം ആശങ്കപ്പെടുന്നത്.

നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ കഴിയാത്തതിന്‍റെ കാരണങ്ങളെക്കുറിച്ച് അന്വേഷണ സംഘം കോടതിയെ ധരിപ്പിക്കാനാണ് നീക്കം.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ എത്തിച്ച പൊലീസ് തന്ത്രം ഇതോടെ പാളിപ്പോയിരിക്കുകയാണ്. പൊലീസിനോട് സത്യം മാത്രമേ പറയാവൂ എന്ന് ഹൈക്കോടതി നേരത്തെ നാദിര്‍ഷയോട് ആവശ്യപ്പെട്ടിരുന്നു. മൊഴി സത്യസന്ധമല്ലെങ്കില്‍ അക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഇതിനിടയില്‍ ആലുവയിലെ പൊലീസ് ക്ലബ്ബില്‍ നിന്നും പുറത്തിറങ്ങിയ നാദിര്‍ഷ, പാലാരിവട്ടത്തെ റിനൈ മെഡിസിറ്റിയിലാണ് ചികിത്സയ്ക്കായ്‌ എത്തിയത്. ആശുപത്രിയിലെ ഇ.ആര്‍.ഐ.സി.യുവില്‍ കഴിയുന്ന നാദിര്‍ഷ, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ ചികിത്സയക്ക് എത്തിയിരുന്നതായി സൂചിപ്പിച്ചു. ഇതിനിടയിലാണ് അന്വേഷണ സംഘത്തിന് മുന്‍പാകെ വീണ്ടും വന്നതെന്നാണ് നാദിര്‍ഷ മാധ്യമങ്ങളോട് പറഞ്ഞത്.

ആലുവ പൊലീസ് ക്ലബ്ബില്‍ ഇന്ന് രാവിലെ 9.30തോടെ എത്തിയ നാദിര്‍ഷയ്ക്ക് നിര്‍ണ്ണായകമായ നിമിഷങ്ങളായിരുന്നു. ചോദ്യം ചെയ്യാന്‍ തുടങ്ങി പത്ത് മിനിട്ടുകള്‍ക്കകം നാദിര്‍ഷ അസ്വസ്ഥത പ്രകടിപ്പിച്ചു.

നാദിര്‍ഷയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചതോടെ ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കുകയായിരുന്നു.

കേസ് അന്വേഷണം തിരക്കഥയാണോയെന്നും കേസ് അനനന്തമായി നീട്ടിക്കൊണ്ടുപോകാനാണോ ഉദ്ദേശിക്കുന്നതെന്നും ഹൈക്കോടതി കടുത്ത ഭാഷയില്‍ ആരോപിച്ച സ്ഥിതിയ്ക്ക് ഇന്ന് നടന്ന സംഭവങ്ങളും പൊലീസിനെ കൂടുതല്‍ കുഴപ്പത്തിലാക്കും.

Trending News