മണ്ഡലകാലത്തും സംഘര്‍ഷമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്ന് എജി കോടതിയില്‍

യഥാര്‍ഥ വിശ്വാസികളെ പ്രതിഷേധക്കാര്‍ തടഞ്ഞ സാഹചര്യത്തിലാണ് 144 പ്രഖ്യാപിക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  

Last Updated : Nov 21, 2018, 03:38 PM IST
മണ്ഡലകാലത്തും സംഘര്‍ഷമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്ന് എജി കോടതിയില്‍

കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. മാസപൂജ സമയത്തും ചിത്തിര ആട്ടവിശേഷത്തിനും സംഘര്‍ഷം ഉണ്ടായി. മണ്ഡലകാലത്തും സംഘര്‍ഷമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുണ്ടെന്ന് എജി കോടതിയില്‍ വിശദീകരിച്ചു. ബിജെപി സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് അഡ്വക്കറ്റ് ജനറലിന്‍റെ വിശദീകരണം.

ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് ഐജി വിജയ് സാക്കറെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യഥാര്‍ഥ വിശ്വാസികളെ പ്രതിഷേധക്കാര്‍ തടഞ്ഞ സാഹചര്യത്തിലാണ് 144 പ്രഖ്യാപിക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശ്വാസികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഐജിയുടെ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ശബരിമലയിലെ സ്ഥിതി പരിതാപകരമാണെന്ന് കോടതി പറഞ്ഞു. ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെയാണ് കാര്യങ്ങളെങ്കില്‍ അംഗീകരിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും കോടതി വിമര്‍ശിച്ചു. മാത്രമല്ല ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം എന്തുകൊണ്ട് പാലിക്കപ്പെട്ടില്ലെന്നും എജിയോട് ഹൈക്കോടതി ചോദിച്ചു. 

ശബരിമലയില്‍ നിന്ന് ഇതരസംസ്ഥാന ഭക്തര്‍ മടങ്ങിയോ എന്ന് ഹൈക്കോടതി ചോദിച്ചു. നിയന്ത്രണങ്ങള്‍ നിയമപരമായാണോ നടപ്പിലാക്കിയത്. ഭക്തരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കോടതി എജിയോട് ആവശ്യപ്പെട്ടിരുന്നു ഇതിന്‍റെ അടിസ്ഥാനത്തില്‍ എജിയും ഐജി വിജയ് സാക്കറേയും കോടതിയിലെത്തി വിശദീകരണം നല്‍കി.  

ഐജിക്കും എസ്പിക്കും മലയാളം അറിയാമോ എന്ന്‍ ചോദിച്ച കോടതി  മലയാളം അറിയാമെങ്കില്‍ എന്തുകൊണ്ട് ശരണമന്ത്രങ്ങള്‍ ഇവര്‍ കുറ്റമായി കാണുന്നുവെന്നും ചോദിച്ചു. സന്നിധാനത്ത് ശരണമന്ത്രം വിളിക്കുന്നതിന് തടസ്സമില്ലെന്നും യഥാര്‍ഥ ഭക്തര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നും ഐ.ജി കോടതിയെ ധരിപ്പിച്ചു. 

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്ന അയ്യപ്പന്മാര്‍ ദര്‍ശനത്തിന് കാത്തുനില്‍ക്കാതെ തിരികെപോയതെന്തു കൊണ്ടാണെന്ന് കോടതി ചോദിച്ചു. മുംബൈയില്‍ നിന്ന് എത്തിയ 130 ഓളം വരുന്ന തീര്‍ഥാടകര്‍ സംഘര്‍ഷസാധ്യതയും നിയന്ത്രണങ്ങളും കണക്കിലെടുത്ത് തിരികെപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു. ഇക്കാര്യം മാധ്യമങ്ങളിലൂടെ കോടതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ഇക്കാര്യം ചോദിച്ചത്. 

വിശ്വാസികളില്‍ ഭീതിയുളവാക്കുന്ന സാഹചര്യം ഉണ്ടോ എന്ന് ചോദിച്ച കോടതി യഥാര്‍ത്ഥ ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നും ആവശ്യപ്പെട്ടു. 

Trending News