പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി. മുനീർ ഒഴികെയുള്ള പ്രതികൾക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈന് ഏഴ് വഷം കഠിന തടവും 1,05,000 രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ശിക്ഷാ വിധിയിൽ പറയുന്നു. മണ്ണാർക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്.
മധു വധക്കേസിൽ 14 പേർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യാ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഹുസൈൻ മേച്ചേരിയിൽ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ , ആറാം പ്രതി അബൂബക്കർ , ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ് , പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കേസിലെ രണ്ടു പ്രതികളെ വെറുതെ വിട്ടിരുന്നു. നാലാം പ്രതി അനീഷ് പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെയാണ് വെറുതെ വിട്ടത്.
ALSO READ: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി പിടിയിൽ; പിടിയിലായത് മഹാരാഷ്ട്രയിൽ നിന്ന്
പ്രതികൾക്കെതിരെ അന്യായമായ സംഘം ചേരൽ, പട്ടികവർഗ്ഗ അതിക്രമം, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും തെളിഞ്ഞിരുന്നു. പൂർത്തിയാക്കിയ കേസിൽ വിധി പറയാനായി മൂന്നു തവണ നീട്ടിയ ശേഷമാണ് ഇന്ന് വിധി പറയാനായി പരിഗണിച്ചത്. വിധി വരുന്ന സാഹചര്യത്തിൽ കനത്ത പോലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഉണ്ടായിരുന്നത്. മധുവിൻറെ അമ്മയ്ക്കും സഹോദരിക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
2018 ഫെബ്രുവരി 22നാണ് മുപ്പതുകാരനായ മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കള്ളനെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം പിടികൂടി അട്ടപ്പാടിയിലെ മുക്കാലിയിൽ എത്തിച്ച് മധുവിനെ മർദ്ദിച്ചത്. തുടർന്ന് പോലീസ് എത്തി മധുവിനെ കസ്റ്റഡിയിലെടുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമ്പോഴേക്കും മരിച്ചിരുന്നു. പ്രതികളുടെ ആക്രമണത്തിലേറ്റ പരിക്കാണ് മധുവിൻറെ മരണ കാരണം എന്നാണ് പ്രോസിക്യൂഷൻ കേസ്. മധുവിനെ പിടികൂടി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികളിൽ ചിലർ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. തെളിവായി ഈ ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
സംഭവം നടന്ന് നാല് വർഷം പിന്നിട്ടിട്ടും വിചാരണ തുടങ്ങാത്തതിൽ മധുവിൻറെ അമ്മ കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് അഭിഭാഷകർക്ക് ചുമതല നൽകിയെങ്കിലും അവർ കേസ് ഏറ്റെടുത്തില്ല. തുടർന്ന് സി രാജേന്ദ്രനെ പ്രോസിക്യൂട്ടറായും രാജേഷ് മേനോനെ അഡീഷണൽ പ്രോസിക്യൂട്ടറായും നിയമിച്ച ശേഷമാണ് വിചാരണ തുടങ്ങാനായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...