കേരളം സമ്പൂർണ ലോക്ക്ഡൗണിലേക്കോ? മിനി ലോക്ക്ഡൗൺ ഫലം കാണുന്നില്ലെന്ന് പൊലീസ് റിപ്പോർട്ട്

ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് മിനി ലോക്ക്ഡൗൺ ആരംഭിച്ചത്. എന്നാൽ ഇത് വേണ്ടത്ര ഫലം കാണുന്നില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്

Written by - Zee Hindustan Malayalam Desk | Last Updated : May 6, 2021, 06:23 AM IST
  • ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് മിനി ലോക്ക്ഡൗൺ ആരംഭിച്ചത്
  • എന്നാൽ ഇത് വേണ്ടത്ര ഫലം കാണുന്നില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്
  • 80 ശതമാനത്തോളം ജനങ്ങളും അനാവശ്യമായി യാത്ര ചെയ്യുകയാണെന്ന് ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു
  • സ്ഥിതി അതീവ ​ഗുരുതരമാണെന്നും നിയന്ത്രണങ്ങൾ ഇനിയും ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു
കേരളം സമ്പൂർണ ലോക്ക്ഡൗണിലേക്കോ? മിനി ലോക്ക്ഡൗൺ ഫലം കാണുന്നില്ലെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) വ്യാപനം അതീവ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക്ഡൗൺ (Lockdown) ഏർപ്പെടുത്താൻ നീക്കം. മിനി ലോക്ക്ഡൗൺ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് മിനി ലോക്ക്ഡൗൺ ആരംഭിച്ചത്. എന്നാൽ ഇത് വേണ്ടത്ര ഫലം കാണുന്നില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. 80 ശതമാനത്തോളം ജനങ്ങളും അനാവശ്യമായി യാത്ര ചെയ്യുകയാണെന്ന് ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്ഥിതി അതീവ ​ഗുരുതരമാണെന്നും നിയന്ത്രണങ്ങൾ ഇനിയും ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം (Covid) നിയന്ത്രണാതീതമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ (Lock Down) നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യുന്ന 74 പഞ്ചായത്തുകൾ പൂർണമായും അടയ്ക്കും. 26.54 ആണ് എറണാകുളത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 27 പേരിൽ വൈറസ് സാന്നിധ്യം കണ്ടെത്തുന്നു. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടക്കാട്ടുവയൽ, വടവുകോട്, ആരക്കുഴ, കിഴക്കമ്പലം ഒഴികെയുള്ള പഞ്ചായത്തുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയിലെ ആകെയുള്ള 82 പഞ്ചായത്തുകളിൽ 74 ലും അതിതീവ്ര ‌രോ​ഗവ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്. മുൻസിപ്പാലിറ്റികളിലെയും കൊച്ചി കോർപ്പറേഷനിലെയും സ്ഥിതി ​ഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും ഇവിടങ്ങളിൽ ലോക്ക്ഡൗൺ നടപ്പിലാക്കുക. കൊച്ചി കോർപ്പറേഷനിലെ ആറ്, 33, 56 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി.

ALSO READ: Kerala Covid Update: ആദ്യമായി നാൽപ്പത്തിനായിരം കടന്ന് കൊവിഡ് രോഗികൾ; സ്ഥിതി അതീവ ഗുരുതരം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ ​ഗുരുതരമാണെന്നും നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങൾ കൂടുതൽ ശ്കതമാക്കും. കൊവിഡ് രോ​ഗബാധിതരുടെ പ്രതിദിന കണക്ക് 40,000 കടക്കുന്നത് അതീവ ​ഗൗരവത്തോടെ കാണണം. നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരും. നിലവിൽ സംസ്ഥാനത്ത് ഓക്സിജൻ, ഐസിയു കിടക്കകൾ, വെന്റിലേറ്റർ എന്നിവയ്ക്ക് ക്ഷാമമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ട് ഡോസ് വാക്സിൻ ലഭിച്ച മെഡിക്കൽ വിദ്യാർഥികളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കും. വിരമിച്ച ഡോക്ടർമാരുടെ സേവനവും തേടും. കെഎസ്ഇബി, വാട്ടർ അതോറിറ്റി കുടിശിക രണ്ട് മാസം പിരിക്കരുതെന്നും ബാങ്കുകൾ റിക്കവറി നടപടികൾ നിർത്തിവയ്ക്കണമെന്നും നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് നാൽപ്പതിനായിരം കടന്ന് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.  ഇന്ന് രോഗം സ്ഥിരീകരിച്ചത്  41,953 പേർക്കാണ്.  രോഗം സ്ഥിരീകരിച്ചവരിൽ 283 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,896 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2657 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 163321 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,64,60,838 സാമ്പിളുകളാണ് പരിശോധിച്ചത്.

ALSO READ: Covid Updates: രാജ്യത്തെ കോവിഡ് മരണനിരക്ക് വീണ്ടും റെക്കോർഡിലേക്ക്; 3780 പേർ കൂടി രോഗബാധ മൂലം മരണപ്പെട്ടു

നിലവിൽ 375658 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. ഗൗരവതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5565 ആയി. 117 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂർ 38, കാസർഗോഡ് 16, എറണാകുളം 14, പത്തനംതിട്ട 11, പാലക്കാട് 10, തൃശൂർ 9, വയനാട് 8, കൊല്ലം, ഇടുക്കി 3 വീതം, തിരുവനന്തപുരം, കോട്ടയം 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News