A N Shamseer: സ്പീക്കർക്കെതിരെ സർക്കാർ നടപടിയെടുക്കണം; നിലപാട് കടുപ്പിച്ച് എൻഎസ്എസ്

NSS has strengthened its stance against speaker: സംസ്ഥാന നേതാക്കൾ ആരും കൂടുതൽ പ്രതികരണത്തിന്  മുതിർന്നിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 03:44 PM IST
  • എൻഎസ്എസിന്റെ നിലപാടിനെ പിന്തുണച്ച് ഡയറക്ടർ ബോർഡ് അംഗം കൂടിയായ കെ ബി ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തി.
  • ഷംസീർ മാപ്പു പറയുന്നത് വരെ പ്രതിഷേധം തുടരുമെന്നതാണ് ബിജെപി പറയുന്നത്.
A N Shamseer: സ്പീക്കർക്കെതിരെ സർക്കാർ നടപടിയെടുക്കണം; നിലപാട് കടുപ്പിച്ച് എൻഎസ്എസ്

തിരുവനന്തപുരം/ചങ്ങനാശ്ശേരി: മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെ നിലപാട് കടുപ്പിച്ച് എൻഎസ്എസ്. എ.എൻ ഷംസീറിനെതിരെ സർക്കാർ നടപടിയെടുക്കണം. സ്പീക്കർ മാപ്പ് പറയണമെന്നും ഗണപതി വിരുദ്ധ പരാമർശം നടത്തിയ ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും എൻഎസ്എസ് വ്യക്തമാക്കി. പരസ്യപ്രതിഷേധങ്ങൾക്ക് തീരുമാനമില്ലെന്നും പ്രശ്നം വഷളാക്കരുതെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് ആസ്ഥാനത്ത് ചേർന്ന അടിയന്തര ഡയറക്ടർ ബോർഡ് യോഗത്തിനും പ്രതിനിധി സഭയ്ക്കും ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പീക്കർക്കെതിരെ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ നിയമപരമായി നീങ്ങും. നാമജപഘോഷയാത്രയിൽ കേസെടുത്തതിനെതിരെ നടപടികളുമായി മുന്നോട്ടു പോകും. പ്രസംഗത്തിൽ മാപ്പ് പറയാത്ത സ്പീക്കറുടെ നിലപാട് ഉരുണ്ടുകളിയാണ്. പരാമർശത്തിൽ തിരുത്തൽ വരുത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. എം വി ഗോവിന്ദന്റെ അഭിപ്രായം പാർട്ടി നിലപാടായി മാത്രമേ കാണുന്നുള്ളൂവെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.അതേസമയം, എൻഎസ്എസിന്റെ നിലപാടിനെ പിന്തുണച്ച് ഡയറക്ടർ ബോർഡ് അംഗം കൂടിയായ കെ ബി ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തി. എൻഎസ്എസിന്റെത് അന്തസ്സുള്ള നിലപാടാണെന്നുള്ള ഗണേഷിന്റെ പ്രതികരണം വന്നതിനു പിന്നാലെ ഇതിനോട് സിപിഎം നേതാക്കൾ പ്രതികരിക്കുമോ എന്നുള്ളതും ശ്രദ്ധേയമാണ്.

ALSO READ:  ഉമ്മൻചാണ്ടിയില്ലാത്ത ആദ്യത്തെ സഭാ സമ്മേളനം; നാളെ തുടക്കം

പൊതുവേ, മിത്തിൽ വിവാദങ്ങളോട് കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കേന്ദ്ര നേതൃത്വവും ഇത്തരത്തിൽ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാന നേതാക്കൾ ആരും കൂടുതൽ പ്രതികരണത്തിന്  മുതിർന്നിട്ടില്ല. സ്പീക്കർ ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടപ്പോഴും പറയാനുള്ളതെല്ലാം പറഞ്ഞുവെന്ന മറുപടിയാണ് നൽകിയത്.വിഷയം നിയമസഭയിലേക്ക് വരുമ്പോൾ രാഷ്ട്രീയ ചർച്ചയാകാനുള്ള സാധ്യതയും ഏറെയാണ്. മുഖ്യമന്ത്രി സഭയിൽ സംസാരിക്കുമോ എന്നതിലും ആകാംക്ഷ നിലനിൽക്കുന്നുണ്ട്. ചൊവ്വാഴ്ച കോൺഗ്രസ് വിഷയം സഭയിൽ ഉന്നയിക്കുമോയെന്നതാണ് കൗതുകം. ഇക്കാര്യത്തിൽ തിങ്കളാഴ്ച ചേരുന്ന യുഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗം തീരുമാനമെടുക്കും.

ഷംസീർ മാപ്പു പറയുന്നത് വരെ പ്രതിഷേധം തുടരുമെന്നതാണ് ബിജെപി പറയുന്നത്.  പത്തിന് നാമജപ ഘോഷയാത്ര ഉൾപ്പെടെയുള്ള സമരപരിപാടികൾ സഭയ്ക്ക് മുന്നിൽ നടത്താൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷം സഭയിൽ പ്രതിഷേധവുമായി വന്നാൽ ശക്തിയുക്തം പ്രതിരോധിക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. എങ്കിലും, ഗോവിന്ദന് പിന്നാലെ ഷംസീറും നിലപാടു മയപെടുത്തുന്നത് വിവാദം ആളിക്കത്തിക്കാനില്ല എന്ന സന്ദേശമാണ് നൽകുന്നത്. നിരുപാധികം മാപ്പ് പറഞ്ഞ് ഖേദം പ്രകടിപ്പിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാട് എൻഎസ്എസ് നേതൃത്വം സ്വീകരിക്കുമ്പോൾ വിവാദം കെട്ടടങ്ങാനും എൻഎസ്എസിനുണ്ടായ മുറിവുണക്കാനും സിപിഎമ്മിന് നന്നേ പാടുപെടേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News