കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍; ഒരാള്‍ മരിച്ചു

  

Last Updated : Jun 14, 2018, 10:26 AM IST
കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍; ഒരാള്‍ മരിച്ചു

കോഴിക്കോട്: മഴ കനത്തതോടെ കോഴിക്കോട് അഞ്ചിടത്തും മലപ്പുറം എടവണ്ണയിലുമായി ഏഴിടത്തും ഉരുൾപൊട്ടൽ ഉണ്ടായി. കക്കയം, മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലാണ് ഇന്ന് ഉരുൾപൊട്ടിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പലയിടത്തും വ്യാപകമായി കൃഷിയും വീടും റോഡും നശിച്ചിട്ടുണ്ട്. 

അതേസമയം താമരശ്ശേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍പെട്ട് ഒരാള്‍ മരിച്ചു. താമരശേരി കരിഞ്ചോല അബ്ദുൽ സലീമിന്‍റെ മകൾ ഒമ്പത് വയസുകാരി ദിൽനയാണ് മരിച്ചത്. നിരവധിപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കോഴിക്കോട് പുല്ലൂരാംപാറയിലും താമരശേരി കരിഞ്ചോലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒഴുക്കില്‍പ്പെട്ട കുടുംബത്തെ രക്ഷിച്ചു. അപകടാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കും  അവധിയാണ്. 

ദേശീയ ദുരന്തനിവാരണസേന എൻഡിആർഎഫ് ഇന്ന് ജില്ലയിൽ എത്തുന്നുണ്ട്. ജില്ലാ കളക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് സേന എത്തുന്നത്‌. ഉരുൾപൊട്ടലും വെള്ളപൊക്കവും മലവെള്ളപാച്ചിലുമുണ്ടായ മേഖലകളിൽ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ യുവി ജോസ് അറിയിച്ചു. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഇനിയൊരറിപ്പുണ്ടാകുന്നതുവരെ നിർത്തിവയ്ക്കണമെന്നും കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.

വയനാടൻ ചുരത്തിലെ ഒൻപതാം വളവിനു താഴെ മണ്ണടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പുലര്‍ച്ചെയായിരുന്നു അപകടം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഗതാഗതം പുനസ്ഥാപിച്ചു. എന്നാല്‍ കോഴിക്കോട് വയനാട് ദേശീയപാതയിൽ പുനൂർ പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. 

ജലനിരപ്പ് ഉയർന്നതിനാൽ പാലക്കാട് മംഗലം ഡാം ഏത് സമയവും തുറന്നു വിടുമെന്ന് എക്സിക്യൂട്ടീവ് എന്ജിനീയർ ജാഗ്രത നിർദേശം നല്‍കി. നിലവിൽ 77.15 ആണ് ഡാമിലെ ജലനിരപ്പ് 77.28 ആണ് ഡാമിന്‍റെ സംഭരണ ശേഷി. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

More Stories

Trending News