തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ഗോൾകീപ്പർ പിആർ ശ്രീജേഷിന് സ്വീകരണം നൽകുമെന്ന് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സി കുട്ടൻ. കേരള സർക്കാരും സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും കേരള ഒളിമ്പിക് ആസോസിയേഷനും ഹോക്കി അസോസിയേഷനും സംയുക്തമായാണ് സ്വീകരണം നൽകുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്. സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സി കുട്ടൻ, ഒളിമ്പിക് ആസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ, എറണാകുളം ജില്ലാ കളക്ടർ, സ്പോർട്സ് ആൻഡ് യൂത്ത് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
തുടർന്ന് അദ്ദേഹത്തെ കേരളത്തിലെ കായിക രംഗത്തെ സംഘാടകരും കളിക്കാരും ജന പ്രതിനിധികളും അടങ്ങുന്ന വാഹനവ്യൂഹം അനുഗമിക്കുമെന്നും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, മെഡൽ നേടിയ താരത്തെ സംസ്ഥാന സർക്കാർ അവഗണിക്കുന്നതായി വ്യാപക വിമർശനമാണ് ഉയരുന്നത്.
1980ലെ മോസ്കോ ഒളിമ്പിക്സിന് ശേഷം 41 വർഷത്തെ ഇന്ത്യൻ ഹോക്കി ടീമിന്റെ മെഡൽ ഇല്ലായ്മയെ നികത്തിയാണ് ശ്രീജേഷും സംഘവും ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയത്. വെങ്കലപ്പോരാട്ടത്തിൽ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകർത്താണ് ഇന്ത്യ മെഡൽ സ്വന്തമാക്കിയത്. മത്സരം അവസാനിക്കാൻ ആറ് സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ജർമനിയുടെ പെനാൽറ്റി കോർണർ അത്യുജലമായി സേവ് ചെയ്താണ് ശ്രീജേഷ് ഇന്ത്യക്ക് വെങ്കലം ഉറപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...