ശബരിമല യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തന്‍റെയും!!

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

Last Updated : Nov 17, 2019, 01:00 PM IST
    1. ആശങ്കകളില്ലാത്ത ദര്‍ശനകാലമാകും ഭക്തര്‍ക്ക് ഇത്തവണയുണ്ടാകുക.
    2. ശബരിമല വിധിയില്‍ വ്യക്തത വരുന്നത് വരെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കില്ല.
    3. ദര്‍ശനത്തിനെത്തിയ ആന്ധ്രാപ്രദേശ്‌ വിജയവാഡ സ്വദേശികളായ യുവതികളെ പമ്പയില്‍ നിന്നും പോലീസ് തിരിച്ചയച്ചതിനെ കുറിച്ച് അറിയില്ല.
ശബരിമല യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തന്‍റെയും!!

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയും നിയമ മന്ത്രി എ കെ ബാലനും രംഗത്തെത്തിയിരുന്നു. ഇതേ നിലപാടുകളാണ് ദേവസ്വം മന്ത്രിയും ആവര്‍ത്തിച്ചത്. 

ശബരിമല വിഷയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ശബരിമല വിധിയില്‍ വ്യക്തത വരുന്നത് വരെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. 

കൂടാതെ, ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇന്ന് അവലോകന യോഗം ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. 

ആശങ്കകളില്ലാത്ത ദര്‍ശനകാലമാകും ഭക്തര്‍ക്ക് ഇത്തവണയുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, ദര്‍ശനത്തിനെത്തിയ ആന്ധ്രാപ്രദേശ്‌ വിജയവാഡ സ്വദേശികളായ യുവതികളെ പമ്പയില്‍ നിന്നും പോലീസ് തിരിച്ചയച്ചതിനെ കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. 

ശബരിമലയിലേക്ക് വരനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. 

ശബരിമല ദര്‍ശനത്തിന് പ്രത്യേക സംരക്ഷണം വേണ്ട സ്ത്രീകല്‍ കോടതി ഉത്തരവുമായി എത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

വിധിയില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ യുവതി പ്രവേശനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. 

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ വിധി എന്തായാലും അത് അംഗീകരിക്കുമെന്നായിരുന്നു വിധി വരുന്നതിനു മുന്‍പ് കടകംപള്ളി പറഞ്ഞിരുന്നത്. 

വ്യക്തിപരമായ താത്പര്യങ്ങള്‍ മാറ്റിവെച്ച്‌ പരമോന്നത നീതിപീഡത്തിന്‍റെ വിധി അംഗീകരിക്കുമെന്നും അത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

മറ്റ് വിവരങ്ങള്‍: 

1. കടുത്ത ഭക്തജന തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നതെന്നും ദേവസ്വം വകുപ്പിന്‍റെ സാമ്പത്തിക ബാധ്യത ഭക്തരുടെ കാണിക്കയിലൂടെ മറികടക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

2. 200 കെ.എസ്.ആര്‍.ടി.സി ബസുകളാണ് നിലയ്ക്കല്‍- പമ്പ ചെയിന്‍ സര്‍വീസിനായി ഉപയോഗിക്കുന്നത്. ഇവയില്‍ ഇത്തവണ കണ്ടക്ടര്‍മാര്‍ ഉണ്ടാകും. 

പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നും ടിക്കറ്റ് എടുക്കാന്‍ ഭക്തര്‍ ബുദ്ധിമുട്ടുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 

3. അംഗപരിമിതര്‍ക്കായി പ്രത്യേകം സര്‍വീസുകള്‍ ഇത്തവണ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

4. ഭക്തരുടെ വാഹനങ്ങള്‍ ഇത്തവണമുതല്‍ പമ്പയിലേക്ക് കടത്തിവിടു൦. 

Trending News