ജനങ്ങൾക്കിടയിൽ പോലീസിൽ നിന്നുള്ള അകലം കുറയ്ക്കുക എന്ന രീതിയിൽ ഇന്ന് മിക്ക പോലീസുകാരും നല്ല സൗഹൃദപരമായാണ് ആളുകളോട് പെരുമാറാറുള്ളത്. സാധാരണ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി അവരുടെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ പോലും കൈത്താങ്ങായി പോലീസ് മാതൃകയാകുന്ന ഒരു രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളിലും അവരോടുള്ള ഭയം എല്ലാം കുറയുകയും ചെയ്യുന്നുണ്ട്.
ഇതിന്റെ ഭാഗമായി കേരള പോലീസ് തന്നെ അവരുടെ മാതൃകാപരമായ പല കാര്യങ്ങളും സൗഹൃദപരമായ ഇടപെടലുകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. പല വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ കിട്ടിയ സമയം യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഒരു പൊലീസുകാരന്റെ വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
കുന്നംകുളം സ്റ്റേഷനിലെ സിഐ, മഹേഷാണ് യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത്. പൊലീസ് യൂണിഫോമിലാണ് മഹേഷിന്റെ ക്രിക്കറ്റ് കളി. കേരള പൊലീസിന്റെ ഔദ്യോഗിക പേജിലാണ് ക്രിക്കറ്റുകളി ആദ്യം പ്രത്യക്ഷപ്പെട്ടത്. ‘ മൊബൈൽ സ്‌ക്രീനുകളിലല്ല, മൈതാനങ്ങളിലാണ് നമ്മുടെ കുട്ടികൾ കളിച്ചുവളരേണ്ടത്..ലഹരിയോടല്ല, ജീവിതത്തോടാണ് അവർക്ക് ആസക്തി തോന്നേണ്ടത് ...ഡ്യൂട്ടിക്കിടെ കണ്ട കൂട്ടുകാർക്കൊപ്പം’ എന്ന കുറിപ്പോടെ പങ്കുവച്ച വിഡിയോ മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് കണ്ടത്.
‘പിള്ളേരെ കളിയിലേക്ക് കൊണ്ടു വന്നാൽ വേറെ ഒരു പരിപാടിക്കും അവർ പോകില്ലെ’ എന്നു മഹേഷ് പറയുന്നത് വിഡിയോയിൽ നമുക്ക് കേൾക്കാൻ സാധിക്കും. എന്തായാലും വിഡിയോയ്ക്ക് അഭിനന്ദനം അറിയിചച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. പൊലീസ് പങ്കുവച്ചത് നല്ല സന്ദേശാണെന്നും ബിഗ് സല്യൂട്ട് എന്നെല്ലാമാണ് കമന്റുകൾ. മഹേഷിന്റെ ക്രിക്കറ്റ് കളിയെയും പ്രശംസിച്ച് നിരവധി പേർ എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...