കഴിഞ്ഞ പ്രളയത്തിന് സമാനമായ സാഹചര്യം ഇല്ല, ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി

കഴിഞ്ഞ തവണത്തെ പ്രളയത്തിന് സമാനമായ സാഹചര്യം നിലവില്‍ ഇല്ല. എന്നാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്താണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Last Updated : Aug 9, 2019, 12:38 PM IST
കഴിഞ്ഞ പ്രളയത്തിന് സമാനമായ സാഹചര്യം ഇല്ല, ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ പ്രളയത്തിന് സമാനമായ സാഹചര്യം നിലവില്‍ ഇല്ല. എന്നാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്താണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് തുടരുന്ന അതിതീവ്രമായ മഴ രാത്രിയോടെ ശമിക്കുമെങ്കിലും ആഗസ്‌റ്റ് 15ന് വീണ്ടും അതിശക്തമായി തിരികെയെത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 24 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇതുവരെ 22 പേര്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു.  കൂടാതെ, സംസ്ഥാനത്ത് 315 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിപത്രസമ്മേളനത്തില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍:- 
സംസ്ഥാനത്ത് ഇപ്പോള്‍ പെയ്യുന്ന മഴ രാത്രിയോടെ കുറയും. 15ന് ശക്തമായി തിരിച്ചെത്തും.

സംസ്ഥാനത്ത് പുറപ്പെടുവിചിരിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിക്കുന്നില്ല. മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴയ്‌ക്കും, തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത

മേപ്പാടിയില്‍ ഉരുള്‍പൊട്ടലുണ്ടായിടത്ത് സൈന്യം, ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട യന്ത്രങ്ങളുടെ ക്ഷാമം നേരിടുന്നുതായി മുഖ്യമന്ത്രി പറഞ്ഞു. 

പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവരെ എയര്‍ ലിഫ്‌റ്റ് ചെയ്യും. ഇതിനായി വ്യോമസേന റെഡിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാലാവസ്ഥ മോശമായതിനാലാണ് ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ കഴിയാത്തത്. 
വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി.

നിലമ്പൂരിലും, ചാലക്കുടി പുഴയിലും പ്രളയ സമാന സാഹചര്യമുണ്ട്.

പ്രശ്‌നങ്ങളുള്ള ജില്ലകളില്‍ വിവിധ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ദുരിത മേഖലയില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ട‌ര്‍മാരെ ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകള്‍, 22,165 പേർ ക്യാമ്പിൽ. ഏറ്റവും കൂടുതൽ പേർ ക്യാമ്പിലുള്ളത് വയനാട്ടിലാണ്.

ശുദ്ധമായ വെള്ളം, ഡോക്ടര്‍മാരുടെ സേവനം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. 

നൂറേക്കറിലധികം സ്ഥലം ഒലിച്ചുപോയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം 

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ എല്ലാം നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധപ്രവർത്തകർ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ഉന്നതതല യോഗത്തിന് ശേഷം വ്യക്തമാക്കി. 

 

Trending News