തിരുവനന്തപുരം: രാജ്യത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യ ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ആപ്പ് നിലവിൽ വന്നു. അർദ്ധരാത്രി മുതൽ പൊതുജനങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ഇത് ലഭ്യമായി തുടങ്ങും. നിരവധി പ്രതിസന്ധികൾ നേരിടുന്ന മോട്ടോർ തൊഴിലാളികൾക്ക് കൈത്താങ്ങ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സവാരി ആപ്പ് ആവിഷ്കരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച മിതമായ നിരക്കിൽ യാത്രക്കാർക്ക് സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കനകക്കുന്നിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള സവാരി ആപ്പ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ഓട്ടോ ടാക്‌സി മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് കേരള സവാരി ആപ്പ് പ്രവർത്തിക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് നടപ്പിലാക്കുന്നത്. അഞ്ഞൂറോളം ഡ്രൈവർമാർക്ക് ഇതിനോടകം തന്നെ പരിശീലനവും നൽകി. പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന നിരവധി ഡ്രൈവർമാർ ഈ ആപ്പിലൂടെ വാഹനമോടിച്ചു കൊണ്ടേയിരിക്കും. രാജ്യത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യ ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് കൂടിയാണിത്. തിരുവനന്തപുരം കോർപ്പറേഷന് പുറമെ മറ്റു ജില്ലകളിലെ കോർപ്പറേഷനുകളിലും വൈകാതെ നടപ്പിലാക്കാൻ കഴിയുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.
കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള സവാരി ആപ്പ് നാടിന് സമർപ്പിച്ചു. ചടങ്ങിൽ മന്ത്രിമാരായ ആൻ്റണി രാജു, വി.ശിവൻകുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ്‌കുമാർ, ലേബർ കമ്മിഷണർ നവ്‌ജ്യോത് ഖോസ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ ദിവാകരൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും അസി. ലേബർ കമ്മിഷണറുമായ രഞ്ജിത്ത് പി മനോഹർ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ കേരള സവാരി ആപ്പിൻ്റെ ലോഗോയും പ്രകാശനം ചെയ്തു.
കേരള സവാരി ആപ്പിലൂടെ ടാക്‌സി എങ്ങനെ ബുക്ക് ചെയ്യാം
ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുക. യൂസർ ഐഡിയും പാസ്സ്‌വേർഡും സബ്മിറ്റ് ചെയ്തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അപ്പോഴേക്കും ആപ്പിന്റെ ഹോം പേജ് ഓപ്പൺ ആയി വരും. എവിടേക്കാണോ പോകേണ്ടത് ആ ഡെസ്റ്റിനേഷൻ ടൈപ്പ് ചെയ്ത് എന്റർ ചെയ്യുക. നിൽക്കുന്ന സ്ഥലത്ത് നിന്ന് പോകേണ്ട സ്ഥലത്തേക്കുള്ള സ്ഥലം എൻ്റർ ചെയ്യാം. തുടർന്ന്, ക്യാബ്, ഓട്ടോ എന്നിവയിൽ നിന്ന് ഏതെങ്കിലും അനുയോജ്യമായി തന്നെ തിരഞ്ഞെടുക്കാം. യാത്രാക്കൂലി എത്രയാണെന്നുള്ളത് നിർദ്ദിഷ്ട സ്ഥലത്ത് ദൃശ്യമാകും. ഓൺലൈൻ വഴിയും നേരിട്ടും പണം നൽകി യാത്ര ചെയ്യാം.
Read Also: FIFA Ban : 'രാജ്യം അണ്ടർ-17 ലോകകപ്പ് നടത്തണം'; വിലക്ക് നീക്കാൻ സർക്കാർ ഇടപെടണമെന്ന് സുപ്രീം കോടതി
അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന പാനിക് ബട്ടൺ ഉൾപ്പെടെയുള്ള നിരവധി ഫീച്ചറുകളും ആപ്പിൽ തയ്യാറായിട്ടുണ്ട്. എട്ട് ശതമാനം സർവീസ് നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. മിതമായ നിരക്കിൽ സുരക്ഷിതമായ യാത്ര എന്നുള്ളതാണ് പ്രധാന ലക്ഷ്യം. പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴിൽവകുപ്പ് മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങൾ നൽകുന്നത്.
പരാതികൾ അറിയിക്കാനും സംവിധാനം
24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനം മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രവർത്തിക്കുന്നുണ്ട്. കോൾ സെന്റർ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച് പരാതികൾ അറിയിക്കാം. കോൾ സെന്ററിൽ ലഭിക്കുന്ന പരാതികളുടെ പരിഹാരത്തിനായി ത്രിതല സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യതലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ച് 24 മണിക്കൂറിനകം പരിഹാരം കണ്ടെത്തും.
Read Also: മത്സ്യത്തൊഴിലാളികളുടെ സമരം തുടരുന്നു; വിഴിഞ്ഞം തുറമുഖ കവാടം ഇന്നും ഉപരോധിക്കും
അതിന് കഴിയാത്ത പരാതികൾ ഈ സമയ പരിധിക്കുള്ളിൽ തന്നെ രണ്ടാമത്തെ ലെവൽ ഉദ്യോഗസ്ഥന് കൈമാറും. ഇതിലൂടെ 12 മണിക്കൂറിനകം പരിഹാരം കാണാനാകും. ഇതിലൂടെയും പരിഹരിക്കാനാവാത്ത പരാതികൾ മൂന്നാമത്തെ ലെവൽ ഉദ്യോഗസ്ഥന് കൈമാറും. ഈ ഉദ്യോഗസ്ഥൻ്റെ അനുവദനീയ സമയം 12 മണിക്കൂറായിരിക്കും. ഇപ്രകാരം 48 മണിക്കൂറിനുള്ളിൽ എല്ലാ പരാതികൾക്കും പരിഹാരം കണ്ടെത്തും. ഏതെങ്കിലും സാഹചര്യത്തിൽ ഈ മുന്ന് തലത്തിലും പരിഹരിക്കാനാവാത്ത പരാതികൾ സിഇഒ തലത്തിൽ വിശദമായി പരിശോധിച്ച് പരിഹാരം കണ്ടെത്താനും സംവിധാനമൊരുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...