തിരുവനന്തപുരം: ഗതാഗതക്കുരുക്ക് രൂക്ഷമായ കിഴക്കേകോട്ട - മണക്കാട് റോഡിൽ കിള്ളിപ്പാലം ബൈപ്പാസിൽ (Killipalam Bypass) നിന്ന് ശ്രീവരാഹത്തേക്ക് പോകുന്നതിന് മേൽപ്പാലം വരുന്നു. പാലം വരുന്നതോടെ വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് കയറാൻ അട്ടക്കുളങ്ങര സിഗ്നലിൽ കാത്തുകിടക്കുന്നത് ഒഴിവാക്കാനാകും. സ്ഥലം ഏറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് 179.69 കോടി രൂപയുടെ പദ്ധതി അനുവദിച്ചു. പദ്ധതിയുടെ വിശദമായ രൂപരേഖ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ തയ്യാറാക്കുകയാണ്.
2017ലെ ബജറ്റിലാണ് മേൽപ്പാലം നിർമ്മിക്കാൻ ആദ്യം 30 കോടി അനുവദിച്ചത്. കിഴക്കേകോട്ട - മണക്കാട് റോഡിലാണ് ആദ്യം മേൽപ്പാലം തീരുമാനിച്ചത്. തുടർന്ന് കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷനെ രൂപരേഖ തയ്യാറാക്കാൻ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ, കോട്ടയ്ക്കു സമീപം സമാന്തരമായി പൈതൃക മേഖലയിൽ നിർമ്മാണം നടത്തുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ട്.
ഒരു ഭാഗത്തു നിന്നു മാത്രമാണ് സ്ഥലം ഏറ്റെടുക്കാൻ കഴിയുന്നത്. കോട്ടയോട് ചേർന്നുള്ള നിർമ്മാണങ്ങൾക്ക് പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിക്കാൻ തടസ്സങ്ങൾ ഏറെയാണ്. തുടർന്നാണ് മേൽപ്പാലം നിർമ്മിക്കാൻ പ്രാഥമിക രൂപരേഖ തയ്യാറാക്കിയത്. കിള്ളിപ്പാലം ബൈപ്പാസിൽ എസ്.കെ.പി റോഡിൽ സമീപത്തു നിന്ന് തുടങ്ങി അട്ടക്കുളങ്ങര ജംഗ്ഷൻ മുറിച്ചുകടന്ന് ശ്രീവരാഹം സമീപം അഴീക്കോട്ട വരെയാണ് മേൽപ്പാലം നിർമിക്കുന്നത്.
കിഴക്കേകോട്ട മേഖലയിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാൻ കിള്ളിപ്പാലം അട്ടക്കുളങ്ങര റോഡിൽ നിന്ന് ആരംഭിച്ച് അട്ടകുളങ്ങര റോഡിൽ അവസാനിക്കുന്ന 1200 മീറ്റർ നീളത്തിലുള്ള രണ്ടുവരി ഫ്ലൈഓവറാണ് നിർമ്മിക്കുക.10 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്.
പാലത്തിന് താഴത്തെ സർവീസ് റോഡുകൾക്ക് അഞ്ചര മീറ്റർ വീതം വീതിയും ഉണ്ടാകും. പാലത്തിൻ്റെ വിശദമായ അലൈൻമെൻറ് തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. കിളളിപ്പാലത്ത് നിന്ന് മണക്കാട്ടേക്കും കിഴക്കേകോട്ടയിലേക്കും പോകാൻ സർവീസ് റോഡുകൾ ഉണ്ടാകും. പദ്ധതിയുടെ വിശദമായ രൂപരേഖ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ തയ്യാറാക്കുകയാണ് പേരൂർക്കട മേൽപാലം നിർമാണത്തിനും തുക അനുവദിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.