തിരുവനന്തപുരത്ത് വരുന്നവർക്ക് ബ്ലോക്കിൽ പെടാതെ യാത്ര ചെയ്യണോ?അതിനാണ് ഇങ്ങിനെയൊരു സർവ്വീസ്

നഗരത്തിലെ ഗതാഗത സംവിധാനം അടിമുടി പരിഷ്കരിക്കുന്നതിന്റെ മൂന്നാം ഘട്ടമായാണ് സിറ്റി റേഡിയൽ സർവ്വീസുകൾ

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 07:20 PM IST
  • പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസുകളുടെ പ്രവർത്തനം ഉടനുണ്ടായേക്കും
  • റൈഡർ സർവീസുകൾ പോകുന്നയിടങ്ങളിൽ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും
  • പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസുകളുടെ പ്രവർത്തനം ഉടനുണ്ടായേക്കും
തിരുവനന്തപുരത്ത് വരുന്നവർക്ക് ബ്ലോക്കിൽ പെടാതെ യാത്ര ചെയ്യണോ?അതിനാണ് ഇങ്ങിനെയൊരു സർവ്വീസ്

തിരുവനന്തപുരം: നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ നിന്ന് ജില്ലയ്ക്ക്കത്തുള്ള പ്രധാന സ്ഥലങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. സിറ്റി റേഡിയൽ സർവീസുകൾ എന്ന പേരിലാണ് കെ.എസ്.ആർ.ടി.സി പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ നിന്ന് ഓഫീസ് ആവശ്യങ്ങൾക്കും മറ്റു സ്വകാര്യ ആവശ്യങ്ങൾക്കുമായി നഗര കേന്ദ്രങ്ങളിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ഇടയ്ക്കുള്ള സ്ഥലങ്ങളിൽ ഇറങ്ങിക്കയറാതെ വളരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്തിൽ ഇതോടെ എത്തിചേരാനാകും. 

ഫ്രെബുവരി ഏഴിന് സർവീസുകളുടെ ഉദ്ഘാടനം നടക്കും. തിരുവനന്തപുരം ജില്ലയിൽ ആദ്യഘട്ടത്തിൽ കളിയിക്കാവിള- പോത്തന്‍കോട് റൂട്ടിലാണ് സിറ്റി റേഡിയൽ സർവീസുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നത്.തിരുവനന്തപുരം നഗരത്തിലെ ഗതാഗത സംവിധാനം അടിമുടി പരിഷ്കരിക്കുന്നതിന്റെ മൂന്നാം ഘട്ടമായാണ് സിറ്റി റേഡിയൽ സർവ്വീസുകൾക്ക് കെഎസ്ആർടിസി തുടക്കം കുറിക്കുന്നത്. 

നിലവിൽ ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസ്, സിറ്റി ഷട്ടിൽ സർവ്വീസ് എന്നിവയ്ക്ക് പുറമെയാണ് സിറ്റി റേഡിയൽ സർവ്വീസ് ആരംഭിക്കുന്നത്. അടുത്ത കാലത്ത് ആരംഭിച്ച എല്ലാ സർവീസുകൾക്കും ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് കോർപ്പറേഷന് ലഭിക്കുന്നത്. നഗരകേന്ദ്രങ്ങളിൽ ഇറങ്ങാതെ തന്നെ വേഗത്തിൽ നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനാകുമെന്നുള്ളതാണ് സിറ്റി റേഡിയൽ സർവീസുകളുടെ പ്രത്യേകത. 

ഇതിൽ യാത്രചെയ്യുന്നവർക്ക് സമയ ലാഭവവും നിരക്കിളവും ഏറെ സഹായകമാണ്. കളിയിക്കാവിള - പോത്തൻകോട് റൂട്ടിലാണ് ആദ്യത്തെ സിറ്റി റേഡിയൽ സർവ്വീസ് ആരംഭിക്കുന്നത്. ഫെബ്രുവരി 7 മുതൽ സർവീസുകൾ ആരംഭിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. സമയക്രമം നടത്തി ഉടൻ തന്നെ മറ്റ് പ്രദേശങ്ങളിലേക്കും സർവ്വീസ് വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, സമയ നഷ്ടം കുറയ്ക്കാനും വേഗത്തിൽ യാത്ര പൂർത്തിയാക്കാനുമായി ബൈപ്പാസ് ഫീഡർ ബസ്സുകളും ഒരുങ്ങുകയാണ്. കോർപ്പറേഷൻ തയ്യാറാക്കിയ ബൈപ്പാസ് ഫീഡറുകൾ മലപ്പുറം എടപ്പാളിൽ സർവീസിനായി തയ്യാറെടുക്കുകയാണ്. നിലവിലെ സൂപ്പർക്ലാസ് സർവീസുകൾ ബൈപ്പാസ് റൈഡർ സർവീസുകളായി പുനഃക്രമീകരിക്കും. എന്നാൽ, യാത്രക്കാർക്കുള്ള നിരക്കുകളിൽ  മാറ്റം വരുത്തിയിട്ടില്ല. 

കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂർ ഇടവിട്ട് ബൈപ്പാസ് റൈഡർ സർവീസുകളാരംഭിക്കും. സമയക്രമം പാലിച്ച് സർവീസുകൾ നടത്തുക വഴി മികച്ച ലാഭമുണ്ടാക്കാനാകുമെന്നാണ് കോർപ്പേറഷന്റെ പ്രതീക്ഷ. വിവിധ ഡിപ്പോകളിൽ നിന്ന് ഇതിലേക്ക് യാത്രക്കാരെ എത്തിക്കാനായി 39 ഫീഡർ സർവീസുകളും ആരംഭിക്കും. തിരക്കേറിയ ടൗണുകളിലും പ്രധാനപാതകളിലും ഉണ്ടാകുന്ന സമയ - ഇന്ധന നഷ്ടം ഒഴിവാക്കാനാണ് ഫീഡർ സർവീസുകൾ ആരംഭിക്കുന്നത്. 

റൈഡർ സർവീസുകൾ പോകുന്നയിടങ്ങളിൽ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കും. തിരുവനന്തപുരം കഴക്കൂട്ടം, കൊല്ലം കൊട്ടാരക്കര, ആലപ്പുഴയിൽ കൊമ്മാടി ജങ്ഷൻ, ചേർത്തല ജംഗ്ഷൻ, ആലുവ മെട്രോ സ്റ്റേഷൻ, ചാലക്കുടി കോടതി ജംഗ്ഷൻ, മലപ്പുറം ചങ്കുവെട്ടി എന്നിവിടങ്ങളിലാണ് ഫീഡർസ്റ്റേഷനുകൾ തയ്യാറാക്കുന്നത്. ഡിപ്പോകളിൽ നിന്നും ബസ് സ്റ്റാൻഡുകളിൽ നിന്നും തിരികെയും ബൈപ്പാസ് റൈഡർ സർവീസുകളിൽ ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരെ ഫീഡർ സ്റ്റേഷനുകളിലെത്തിക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസുകളുടെ പ്രവർത്തനം ഉടനുണ്ടായേക്കും. ബൈപ്പാസ് ഫീഡറുകൾ യാഥാർഥ്യമാക്കുക വഴി കോഴിക്കോട്ടേക്കുള്ള യാത്രയ്ക്ക് രണ്ട് മണിക്കൂർ സമയം ലാഭിക്കാനാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News