എൽഡിഎഫിന്‍റെ മനുഷ്യ മഹാശ്യംഖലയിൽ പങ്കെടുത്ത ലീഗ് നേതാവിന് സസ്പെൻഷൻ

ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായ കെ.എം ബഷീറിനെ ലീഗ് സസ്‌പെന്റ് ചെയ്തു.  

Ajitha Kumari | Updated: Jan 28, 2020, 11:53 AM IST
എൽഡിഎഫിന്‍റെ മനുഷ്യ മഹാശ്യംഖലയിൽ പങ്കെടുത്ത ലീഗ് നേതാവിന് സസ്പെൻഷൻ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത പാര്‍ട്ടി അംഗത്തിനെതിരെ നടപടിയെടുത്ത് മുസ്ലീം ലീഗ്.

ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായ കെ.എം ബഷീറിനെ ലീഗ് സസ്‌പെന്റ് ചെയ്തു. ഇദ്ദേഹം എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുക്കുകയും യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ നടപടി.

മുസ്ലീം ലീഗ് ഭാരവാഹികൂടിയായ ബഷീര്‍ പിന്നീട് ചാനല്‍ ചര്‍ച്ചയിലടക്കം പങ്കെടുക്കുകയും ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. മനുഷ്യ മഹാശൃംഖലയില്‍ അണിചേര്‍ന്നതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടുകളെ ബഷീര്‍ പ്രശംസിക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് കരിനിയമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ന്യൂനപക്ഷ സമുദായത്തിലെ ഒരു അംഗവും പൗരനെന്ന നിലയിലുമാണ് താന്‍ മനുഷ്യ മഹാശൃംഖലയുടെ ഭാഗമായതെന്ന് കെഎം ബഷീര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്.

തനിക്കൊപ്പം മുസ്ലിം ലീഗിലെ നിരവധി പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായിട്ടുള്ള വിയോജിപ്പ്  മാത്രമാണ് ഇടത് പക്ഷത്തോട് ഉള്ളതെന്ന് ബഷീർ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിക്കുന്ന ഏത് ജനാധിപത്യ മതേതരത്വ സംഘടനകളുമായും സഹകരിക്കണം എന്നാണ് എന്‍റെ അടിയുറച്ച നിലപാട്.
ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള ധീരമായ നിലപാടാണ് പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇടതുമുന്നണി സ്വീകരിച്ചതെന്നും മാധ്യമങ്ങളോട് ബഷീര്‍ പറഞ്ഞു.

ബഷീറിന്‍റെ പ്രസ്താവനകള്‍ യുഡിഎഫിനെ ഒന്നടങ്കം സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അതാണ് ലീഗ് ഈ നടപടിയെടുക്കുന്നതിന് കാരണമായത്.