കന്യാസ്ത്രീ പീഡനം: ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും

ജാമ്യം നല്‍കുന്നതിന് മുന്നോടിയായി നാല് ഉപാധികളാണ് ഹൈക്കോടതി മുന്നോട്ട് വച്ചത്. 

Last Updated : Oct 16, 2018, 08:49 AM IST
കന്യാസ്ത്രീ പീഡനം: ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും

പാല: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. ഉപാധികളോടെ ഇന്നലെയാണ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ ഉത്തരവ് കിട്ടാൻ വൈകിയതിനാൽ ഇന്നലെ പാലാ മജിസ്ട്രേട്ടിന് റിലീസിംഗ് ഓർഡർ പുറപ്പെടുവിക്കാൻ കഴിഞ്ഞില്ല.

ജാമ്യം നല്‍കുന്നതിന് മുന്നോടിയായി നാല് ഉപാധികളാണ് ഹൈക്കോടതി മുന്നോട്ട് വച്ചത്. ഒന്നാമതായി പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം. രണ്ടാ‍ഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, കേരളത്തില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണം തുടങ്ങിയവയാണ് നിബന്ധനകള്‍.

നേരത്തെ കന്യാസ്ത്രീയുടെ രഹസ്യമൊഴി എടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിഷപ്പിന് ജാമ്യം നിഷേധിച്ചത്. ഇപ്പോള്‍ അന്വേഷണം ഏതാണ്ട് പൂര്‍ണമായിട്ടുണ്ട്. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ കഴിഞ്ഞ മാസം 21 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. 24 ന് റിമാന്റ് ചെയ്തത് മുതൽ ഫ്രാങ്കോ പാലാ സബ് ജയിലിലാണ്.

Trending News