തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കെ അഭിപ്രായ പ്രകടനവുമായി കെ. മുരളീധരന്‍ രംഗത്ത്.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യനെന്നും പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു. അസീസിന്‍റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്‍റെ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.
മുന്‍പ് പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ കാര്യക്ഷമത ചോദ്യം ചെയ്ത് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് സംസാരിച്ചിരുന്നു. ഇത് വിവാദമാകുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയാണ് ചെന്നിത്തലയേക്കാള്‍ നല്ലത് എന്ന പരാമര്‍ശമാണ് അസീസിനെ കുടുക്കിയത്. പ്രസ്താവന വിവാദമായതോടെ അദ്ദേഹം അതു പിന്‍വലിച്ചു. ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന് ആർ.എസ്.പി മുന്‍പും പറഞ്ഞിട്ടുണ്ട്.
ഉമ്മൻചാണ്ടിയെ പോലെ രാപ്പകലില്ലാതെ ഓടി നടന്ന് പ്രവർത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ല. ഉമ്മൻചാണ്ടിക്ക് കിട്ടുന്ന പരിഗണനയോ ജനകീയ പിന്തുണയോ രമേശിന് ലഭിക്കില്ല. ഇക്കാര്യത്തിൽ ഘടകകക്ഷികൾക്കിടയിൽ മാത്രമല്ല, കോൺഗ്രസിൽ തന്നെ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്നുമാണ് അസീസ് പറഞ്ഞിരുന്നത്. പ്രസ്താവന വിവാദമായതോടെ അസീസ് വിശദീകരണവുമായി രംഗത്തു വന്നിരുന്നു.
സെപ്റ്റംബര്‍ 17 ന് തിരങ്ങേടുപ്പ് നടക്കാനിരിക്കെ കെ. മുരളീധരന്‍റെ പ്രസ്താവന നിര്‍ണ്ണായകമാണ്. നിലവില്‍ പാര്‍ട്ടിയുടെ ജില്ലാ തലത്തിലുള്ള അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്.
രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് വെറുമൊരു പ്രഹസനം മാത്രമാണ്. രമേശ് ചെന്നിത്തല അദ്ധ്യക്ഷനായി തുടരാന്‍ തന്നെയാണ് സാധ്യത എന്നും അവര്‍ വിലയിരുത്തുന്നു.