വാഹന പരിശോധന: ബൈക്ക് യാത്രികനെ പൊലീസ് എറിഞ്ഞിട്ടു!

പൊലീസിന്‍റെ ലാത്തിയേറുകൊണ്ട് നിയന്ത്രണം വിട്ട ബൈക്ക് യാത്രികന്‍ എതിര്‍ദിശയിലൂടെ വന്ന കാറില്‍ ഇടിച്ചുമറിഞ്ഞു.  

Last Updated : Nov 28, 2019, 03:52 PM IST
  • വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനായ സിദ്ദീഖിനെ ലാത്തികൊണ്ട് എറിഞ്ഞിട്ട് പോലീസ്.
  • പൊലീസിന്‍റെ ലാത്തിയേറുകൊണ്ട് നിയന്ത്രണം വിട്ട സിദ്ദീഖ് എതിര്‍ദിശയിലൂടെ വന്ന കാറില്‍ ഇടിച്ച് റോഡിലേയ്ക്ക് മറിഞ്ഞു.
  • ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാഹന പരിശോധന: ബൈക്ക് യാത്രികനെ പൊലീസ് എറിഞ്ഞിട്ടു!

കൊല്ലം: വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തികൊണ്ട് എറിഞ്ഞിട്ട് പോലീസ്. കൊല്ലം കടയ്ക്കലിലാണ്‌ സംഭവം

ഹെല്‍മറ്റില്ലാതെ വന്ന ബൈക്ക് യാത്രികനാണ് വാഹനം നിര്‍ത്താതെ പാഞ്ഞത്. പൊലീസിന്‍റെ ലാത്തിയേറുകൊണ്ട് നിയന്ത്രണം വിട്ട ബൈക്ക് യാത്രികന്‍ എതിര്‍ദിശയിലൂടെ വന്ന കാറില്‍ ഇടിച്ചുമറിഞ്ഞു.

ഗുരുതരമായി പരിക്കേറ്റ കടക്കല്‍ സ്വദേശിയായ സിദ്ദീഖിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിദ്ദീഖിന്‍റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റതെന്നാണ് സൂചന. ഇയാള്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ ലാത്തിയെറിഞ്ഞ കടയ്ക്കല്‍ സ്റ്റേഷനിലെ സിപിഒ ചന്ദ്രമോഹനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റ് പോലീസുകാര്‍ക്ക് സ്ഥലം മാറ്റവും നല്‍കി. റൂറല്‍ എസ്പി ഹരിശങ്കറിന്‍റെയാണ് നടപടി. 

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കടയ്ക്കല്‍ സ്റ്റേഷനില്‍വെച്ച് ചര്‍ച്ചകള്‍ നടത്താമെന്ന ഉറപ്പിനെ തുടര്‍ന്ന്‍ ഒടുവില്‍ അവര്‍ പിരിഞ്ഞുപോയി.

വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന്‍ പിടിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമുള്ളപ്പോഴാണ് ഈ സംഭവം നടന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

റോഡിന്‍റെ വളവില്‍ നടന്നുകൊണ്ടിരുന്ന വാഹന പരിശോധന സിദ്ദീഖ് ശ്രദ്ധിച്ചില്ല. ബൈക്കിന് മുന്നിലേയ്ക്ക് പൊലീസ് എത്തിയെങ്കിലും പെട്ടെന്ന് വണ്ടി നിര്‍ത്താന്‍ സിദ്ദീഖിന് കഴിഞ്ഞില്ല. അതിനെതുടര്‍ന്നാണ് ചന്ദ്രമോഹന്‍ കയ്യിലിരുന്ന ലാത്തിയെടുത്ത് സിദ്ദീഖിനെ എറിഞ്ഞത്.

Trending News