കൊച്ചി: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയവർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്റ്റിലായ രണ്ട് പേർക്ക് ജാമ്യം അനുവദിച്ച കോടതി, മൂന്നാം പ്രതിക്ക് മുൻകൂർ ജാമ്യവും അനുവദിച്ചു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദിനും, നവീൻ കുമാറിനുമാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി സുജിത് നാരായണന് മുൻകൂർ ജാമ്യവും ലഭിച്ചു.
മുദ്രാവാക്യം വിളിക്കുക മാത്രമാണ് വിമാനത്തിൽ വച്ച് ചെയ്തതെന്നും അതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അഭിഭാഷകന്‍ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും കോടതിയിൽ വ്യക്തമാക്കി.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷധം ഉയർത്തിയത്. യൂത്ത് കോൺഗ്രസിന്റെ മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദീൻ മജീദ്, ജില്ല സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചത്. പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ തള്ളി താഴെയിടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അരികിലേക്ക് പ്രതിഷേധിച്ച് നീങ്ങിയ പ്രവർത്തകരെ ജയരാജൻ തടയുകയായിരുന്നു.
യുഡിഎഫ് ബിജെപിയുടെ സഹായത്തോടെ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു; വിമാന പ്രതിഷേധത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം : വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധത്തിലൂടെ യുഡിഎഫ് നേതൃത്വം ബിജെപിക്കൊപ്പം കൂടി കലാപത്തിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടർച്ചതന്നെയാണിത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നുയെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
സർക്കാരിനെ സ്നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം അക്രമ-അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...