ന്യൂഡല്‍ഹി: കുളിമുറിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ. കെ. ആന്‍റണിയെ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി ആന്‍റണിയെ സന്ദര്‍ശിച്ചത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് രാഹുല്‍ ഗാന്ധി ആന്‍റണിയെ സന്ദര്‍ശിക്കനെത്തിയത്.
ആശുപത്രിയിലെത്തിയ അദ്ദേഹം ഡോക്ടര്‍മാരുമായി സംസാരിക്കുകയും ആരോഗ്യസ്ഥിതി വിശദമായി ചോദിച്ചറിയുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തുകയും ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. രക്തസ്രാവം നിയന്ത്രണവിധേയമായെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
അതേസമയം, ആന്‍റണിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചതായി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് കുളിമുറിയില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് എകെ ആന്‍റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.